Skip to main content

ടാങ്കര്‍ ലോറികള്‍ക്ക് ജലം വില്‍ക്കുന്നവര്‍ ഭൂജലവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം: ഭൂജല സംരക്ഷണം സുസ്ഥിരമായ നാളെയ്ക്കുള്ള കരുതലെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ ടാങ്കര്‍ ലോറികള്‍ വഴി വിതരണം ചെയ്യുന്നതിന് സ്വകാര്യ സ്രോതസ്സുകളില്‍ നിന്ന് ജലം വില്‍ക്കുന്നവര്‍ ഭൂജലവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക. സ്വകാര്യ വ്യക്തികള്‍ അവരുടെ ജലസ്രോതസ്സുകളില്‍ നിന്നും ജലം ശേഖരിച്ച് ടാങ്കര്‍ ലോറികള്‍ക്ക് വില്‍പ്പന നടത്തുന്നത് നിയമവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രാബല്യത്തില്‍ വന്ന സര്‍ക്കാര്‍ ഉത്തരവ്, ജില്ലയില്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന പ്രത്യേകയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

രജിസ്‌ട്രേഷന്‍ എങ്ങനെ?

ടാങ്കര്‍ ലോറികള്‍ക്ക് ജലം വില്‍ക്കാന്‍  താല്‍പര്യപ്പെടുന്ന വ്യക്തികള്‍ ഭൂജലവകുപ്പ് ജില്ലാ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജലസ്രോതസ്സില്‍ യീല്‍ഡ്‌ടെസ്റ്റ് നടത്തി, പരിസ്ഥിതി ആഘാതം ഉണ്ടാകാത്ത രീതിയില്‍ പമ്പ് ചെയ്യാന്‍ കഴിയുന്ന ജലത്തിന്റെ അളവ് നിഷ്‌കര്‍ഷിക്കും. പ്രസ്തുത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂജലവകുപ്പിന്റെ ശുപാര്‍ശ പ്രകാരം ഒരു സ്രോതസ്സില്‍ നിന്നും നിശ്ചിത അളവ് ജലം ശേഖരിക്കുന്നതിനുള്ള നിരാക്ഷേപ പത്രം (എന്‍.ഒ.സി) ജില്ലാ കളക്ടര്‍ അനുവദിക്കും. 

നാളെക്കായി കരുതല്‍... 

നിലവില്‍ ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ വന്‍തോതില്‍ ഭൂഗര്‍ഭജലം പമ്പ് ചെയ്‌തെടുക്കുന്നത്  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സമീപപ്രദേശങ്ങളിലെ കുടിവെള്ള  സ്രോതസ്സുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ധാരാളം പരാതികളും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ബള്‍ക്ക്/ടാങ്കര്‍ വാട്ടര്‍ സപ്ലൈ ഉത്തരവ് ജില്ലയില്‍ പൂര്‍ണതോതില്‍ നടപ്പിലാക്കേണ്ടതാണെന്ന് യോഗം വിലയിരുത്തി. ഉത്തരവ് ജില്ലയില്‍ നടപ്പിലാക്കുന്നതിന് വേണ്ട പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ഭൂജലവകുപ്പിനും മറ്റ് അനുബന്ധ വകുപ്പുകള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.  സുസ്ഥിരമായുള്ള നാളെക്കായി ഇത്തരം കരുതലുകള്‍ അനിവാര്യമാണെന്നും വരും തലമുറകളെക്കൂടി പരിഗണിച്ച് മാതൃകാപരമായി പ്രവര്‍ത്തിക്കാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂജലവകുപ്പ്  ജില്ലാ ഓഫീസര്‍ ഡോ. ആര്‍ട്‌സ് കെ. പുരുഷോത്തം, മറ്റ് വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date