സ്കൂൾ തുറപ്പ്: ജില്ലാ പഞ്ചായത്ത് യോഗം സംഘടിപ്പിച്ചു
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള 42 ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ യോഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൊതുമരാമത്ത് വിഭാഗം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പൽമാര്‍, എന്നിവര്‍ പങ്കെടുത്തു.
സ്കൂളുകളില്‍ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ യോഗം സമയബന്ധിതമായി നിർമ്മാണം പൂര്‍ത്തീകരിക്കുവാനും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്കൂള്‍ തലത്തില്‍ വിപുലമായ യോഗങ്ങള്‍ ചേരുവാനും തീരുമാനിച്ചു. സ്കൂള്‍ പരിസരങ്ങള്‍ ശുചീകരിക്കുക, അറ്റകുറ്റപ്പണി ഉള്‍പ്പെടെ പൂർത്തിയാക്കുക, സ്കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തുക, സ്കൂള്‍ പ്രവേശനോത്സവം ഉള്‍പ്പെടെ ഗംഭീരമായി സംഘടിപ്പിക്കുക എന്നിവയും യോഗം തീരുമാനിച്ചു. യോഗത്തിൽ ഉയർന്ന വിവിധ സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കാനും യോഗത്തില്‍ ധാരണയായി. വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പെഴ്സൺമാരായ എസ്.രാധാകൃഷ്ണന്, ആര് രാഹുല്‍, ഡി.അംബുജാക്ഷി ടീച്ചര്‍, സന്ധ്യാ ബെന്നി, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments