പകർച്ചവ്യാധി പ്രതിരോധം: ആലപ്പുഴ നഗരസഭ പൊതുജനാരോഗ്യ സമിതി യോഗം ചേർന്നു;
എച്ച്.പി.വി. വാക്സിനേഷൻ ഊർജ്ജിതമാക്കും
ആലപ്പുഴ നഗരസഭയിലെ പൊതുജനാരോഗ്യ സമിതിയുടെ യോഗം ചേർന്നു. ചെയർപേഴ്സൺ മോളി ജേക്കബിന്റെ അധ്യക്ഷതയിൽ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ, പകർച്ചവ്യാധികൾക്കെതിരെ നഗരസഭയിൽ ഉടൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിവിധ വകുപ്പുകളുമായി ചർച്ച നടത്തി.
മഴക്കാലവുമായി ബന്ധപ്പെട്ട് നഗരസഭാ വാർഡുകളിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പരിശീലന പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനായി, 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്സിൻ പരിപാടി വിജയകരമായി നടത്താൻ ആവശ്യമായ നടപടിയെടുക്കാൻ യോഗത്തിൽ തീരുമാനമായി. 14 വയസ്സ് പൂർത്തിയായവർ മുതൽ 15 വയസ്സും മൂന്നു മാസവും വരെയുള്ള (14 - 15.3) പെൺകുട്ടികൾക്ക് വാക്സിൻ എടുക്കാവുന്നതാണ്.
യോഗത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. സന്ധ്യ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.എം. നൗഫൽ, മായാ രാജേന്ദ്രൻ, രശ്മി തങ്കപ്പൻ, എസ്. ഫൈസൽ, മുനിസിപ്പൽ സെക്രട്ടറി എസ്. സനൽ, ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ജില്ലാ മെഡിക്കൽ ഓഫീസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ടെനി ജോർജ്ജ്, ഡി.പി.എം. ഡോ. കോശി പണിക്കർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു..
- Log in to post comments