Skip to main content

പോട്ടോർ റെയിൽവേ മേൽപ്പാലം നിർമ്മാണം; പൈലിങ് ആരംഭിച്ചു 

 

 

 

പോട്ടോർ റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള പൈലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു. എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൈലിങ് പ്രവർത്തന പുരോഗതി വിലയിരുത്തി. മേൽപ്പാലത്തിനായി 60 പൈലുകളാണ് നിർമ്മിക്കുന്നത്. സർവ്വീസ് റോഡിലെ കൾവെർട്ടിൻ്റെ നിർമ്മാണം 95 ശതമാനം പൂർത്തീകരിച്ചു. 

 

 

എറണാകുളം - ഷൊർണ്ണൂർ റെയിൽവേ സെക്ഷനിലെ ലെവൽക്രോസ് നം. 15 (പോട്ടോർ വേലുക്കുട്ടി ഗെയ്റ്റ് ) ഒഴിവാക്കിയാണ് റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നത്. 360 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിൽ 7.50 മീറ്റർ വീതിയിൽ റോഡും, 1.50 മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും . 21.78 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. . 9.47 കോടി രൂപ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു . മേൽപ്പാലം നിർമ്മാണത്തിന് കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിനെയാണ് (കെ-റെയിൽ) സംസ്ഥാന സർക്കാർ നിർവ്വഹണ ഏജൻസിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

 

 

2027 മെയ് മാസത്തോടെ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റ് പൈലിംഗും പൈൽ ലോഡ് ടെസ്റ്റും ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. മേൽപ്പാല നിർമ്മാണം കാലതാമസം കൂടാതെ പൂർത്തിയാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പറഞ്ഞു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നീതു കണ്ണൻ, കോലഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ, സാരംഗ് മറ്റത്തൊളി, പ്രകാശ് ഡി ചിറ്റിലപ്പള്ളി, ലിനി കുട്ടികൃഷ്ണൻ, നിജാ ജയകുമാർ, ഉഷാ രവീന്ദ്രൻ, കോലഴി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സുജാത മുരളീധരൻ എന്നിവരും സദ്ധർശനത്തിൽ ഒപ്പമുണ്ടായിരുന്നു.

 

date