അറിയിപ്പുകൾ
ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം
അഞ്ച്, പതിനഞ്ച് വയസ്സുകളിൽ ചെയ്യേണ്ട ആധാർ നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ തികച്ചും സൗജന്യമായിരിക്കുമെന്ന് കേരള സംസ്ഥാന ഐടി മിഷൻ.
അഞ്ച് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഈ ആനുകൂല്യം എല്ലാ അംഗീകൃത ആധാർ കേന്ദ്രങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്.
സമയബന്ധിതമായി വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ എന്നിവ പുതുക്കാത്തപക്ഷം ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. ഇത് സ്കൂൾ പ്രവേശനം, റേഷൻ കാർഡ്, സ്കോളർഷിപ്പ്, ഡിജിലോക്കർ, ബാങ്ക് അക്കൗണ്ട് എന്നിവയെ ബാധിക്കും. നീറ്റ്, ജെ.ഇ.ഇ, കീ തുടങ്ങിയ മത്സരപ്പരീക്ഷകളുടെ രജിസ്ട്രേഷനും പ്രശ്നം സൃഷ്ടിച്ചേക്കാം.
അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ലെന്നും മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ച് ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കി ഇത് ചെയ്യാമെന്നും ഐടി മിഷൻ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ: 155300 (ടോൾ ഫ്രീ), 0471-2335523
വെബ്സൈറ്റ്: aadhaar.ksitm@kerala.gov.in
പി.എസ്.സി. പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിഗ്രി തല മത്സരപ്പരീക്ഷകൾക്കായുള്ള ആറുമാസം ദൈർഘ്യമുള്ള പരിശീലന ക്ലാസുകളിലേക്കാണ് പ്രവേശനം.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർക്കായി 30 ശതമാനം സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ സ്റ്റൈപ്പൻഡ് ലഭിക്കും.
താത്പര്യമുള്ളവർ ഫോട്ടോ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.
വിവരങ്ങൾക്ക് :
ഫോൺ: 0484-2623304, 6282858374.
- Log in to post comments