Skip to main content

ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളും അങ്കണവാടികളും 22 മുതൽ തുറന്ന് പ്രവർത്തിക്കുന്നതിന്   ജില്ലാ കളക്ടർ  ഉത്തരവായി

ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളും അങ്കണവാടികളും താഴെ തന്നിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജൂൺ  22 മുതൽ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകി 
ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി.
 
സ്കൂളുകളും അങ്കണവാടികളും തുറന്ന് പ്രവർത്തിക്കുന്ന ജൂൺ 22 തിങ്കളാഴ്ച പ്രവേശനോത്സവം സംഘടിപ്പിക്കേണ്ടതാണ്. നഷ്ടപ്പെട്ട അധ്യയന ദിനങ്ങളുടെ കുറവുനികത്തുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രത്യേകം പദ്ധതി തയ്യാറാക്കി നടപ്പിലാക്കേണ്ടതാണ്.

ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും എല്ലാ ജലസ്രോതസ്സുകളിലും കൃത്യമായ ഇടവേളകളിൽ ഗുണനിലവാര പരിശോധന നടത്തേണ്ടതുമാണ്.
ഇവിടങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കേണ്ടതും ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്നതിന് ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷണസാധനസാമഗ്രികൾ സൂക്ഷിക്കുന്നതിന് മതിയായ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൂടാതെ ടോയ്ലറ്റ് ഉപയോഗത്തിന് ശേഷവും കൈകൾ വൃത്തിയാക്കുന്നതിന് സോപ്പ്/ഹാൻഡ് വാഷ് ലഭ്യമാണെന്നുറപ്പ് വരുത്തേണ്ടതാണ്.

റിപ്പോർട്ട് ചെയ്യപ്പെട്ട   സാംക്രമിക   രോഗങ്ങൾ പൂർണ്ണമായി ശമിച്ചു എന്ന് ഉറപ്പുവരുത്തുന്നതുവരെ, ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കേണ്ടതും സ്ഥിതിഗതികൾ വിലയിരുത്തേണ്ടതുമാണ്. 

ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
  ഉദ്യോഗസ്ഥരും കർശനമായി പാലിക്കേണ്ടതാണ്.

 ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നേരത്തെ വയറിളക്ക രോഗങ്ങളും ഷിഗല്ല അണു ബാധയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഈ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും അങ്കണവാടികളും തുറക്കുന്നത് 15 പ്രവൃത്തിദിവസത്തേക്ക് നീട്ടിവെച്ചുകൊണ്ട്  ജില്ലാ കളക്ടർ  ഉത്തരവായിരുന്നത്.

ജില്ലാ ഭരണ കേന്ദ്രത്തിൻ്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും അവസരോചിതമായ ഇടപെടലുകളുടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയ പ്രവർത്തനങ്ങളുടെയും ഫലമായി ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വയറിളക്ക രോഗങ്ങൾക്ക് ശമനമുണ്ടായതായും  ജൂൺ 22 മുതൽ അധ്യയനം ആരംഭിക്കാവുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസറും 
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും 
 റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

date