പൊതുജനാരോഗ്യ സമിതിയോഗം:ജില്ലയിലെ എല്ലാ തെരുവുനായ്ക്കൾക്കും വാക്സിൻ നൽകാൻ തീരുമാനം
ജില്ലയിലെ മുഴുവൻ തെരുവു തെരുവുനായ്ക്കൾക്കും വാക്സിനേഷൻ നല്കാൻ ജില്ല പൊതുജനാരോഗ്യ സമിതിയോഗത്തിൽ തീരുമാനമായി. ഇതിനായി രണ്ട് മാസം നീണ്ടു നിൽക്കുന്ന ഒരു കാമ്പയിൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നടപ്പാക്കും.
ജില്ലാ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ അധ്യക്ഷനായി.
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി, ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിയമപരമായി നിഷ്കർഷിച്ചിരിക്കുന്ന പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമെ ഹെൽത്ത് കാർഡ് ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
കഴിഞ്ഞ 20 വർഷത്തെ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നീ പകർച്ചവ്യാധികളുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്കെടുത്തു വിശകലനം നടത്തി ഈ അസുഖങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കാമ്പയിൻ മോഡിൽ പ്രതിരോധ നടപടികളും ബോധവത്കരണവും നടപ്പാക്കും.
ജില്ലയിലെ ആർ ഒ പ്ലാന്റുകളുടെ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ജല അതോറിറ്റിയും സംയുക്തമായി കുടിവെള്ള പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തും. പൊതുജനാരോഗ്യ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിയമ നടപടികളിൽ കോടതി വ്യവഹാരങ്ങൾക്ക് തീർപ്പ് കൽപ്പിക്കുന്നതിന്മേൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നിയമ മന്ത്രി, നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്ക് കത്ത് നൽകാനും കേസുകളുടെ സ്വഭാവം അനുസരിച്ച് അദാലത്തിലേക്ക് വിടുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും തീരുമാനിച്ചു.
ജില്ലയിലെ എല്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് പകർച്ചവ്യാധി - പൊതുജനാരോഗ്യ നിയമ ബോധവത്ക രണം സംബന്ധിച്ച് ജൂലൈ 27 ന് ജില്ലാ പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിക്കും.
മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വിദ്യ പി വി, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ദിലീപ്കുമാർ എസ്.ആർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ശ്രീജ ആർ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. റംലത്ത്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിനു, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ എൽ. സുസ്മിത, ടെക്നിക്കൽ അസിസ്റ്റന്റ് ജയൻ കെ എ എന്നിവർ പങ്കെടുത്തു
- Log in to post comments