*പട്ടികവർഗ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ തീരുമാനം*
സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ പട്ടികവർഗ്ഗ ഉന്നതികളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ എം എൽ എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പത്താം ക്ലാസ് വിജയിച്ച ഒരു വിദ്യാർത്ഥിയുടെ പോലും പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'കൂടെ' പദ്ധതിയുടെ അവലോകനത്തിലാണ് തുടർനടപടികൾ തീരുമാനിച്ചത്.
പ്ലസ് വൺ പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ പ്രവേശനം നേടാൻ കഴിയാത്ത 46 വിദ്യാർത്ഥികളെയും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാനാകാത്ത മൂന്ന് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളോടൊപ്പം ജൂലൈ 25, 26 തീയതികളിൽ അതത് പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നേരിൽ കേൾക്കും. തുടർന്ന് ആവശ്യമായ സർക്കാർതല ഇടപെടലുകൾ നടത്തി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നൽകിയിട്ടില്ലാത്ത 142 വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കുന്നതിനായി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം പ്രത്യേക തുടർനടപടികൾ സ്വീകരിക്കാനും തീരുമാനമായി.
ഒരു പട്ടികവർഗ്ഗ വിദ്യാർത്ഥി പോലും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറത്താകരുത് എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ 'കൂടെ' പദ്ധതി മുന്നോട്ടുപോകുന്നത്. വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഏകോപിതമായ പ്രവർത്തനം തുടരാനും യോഗത്തിൽ തീരുമാനമായി.
തഹസിൽദാർമാരായ വി.ആര്‍ ജയപ്രകാശ്, ബി. പ്രശാന്ത്, ഹയർസെക്കൻഡറി കോ-ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, എ.സി.എഫ് അജിത് കെ രാമൻ, ടി.ഡി.ഒ കെ മോഹൻദാസ്, എ.ഇ.ഒ എച്ച്.ബി ഷിജിത എന്നിവർ പങ്കെടുത്തു.
- Log in to post comments