Skip to main content

നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന

 

ഹോട്ടലുകൾ, തട്ടുകടകൾ , വഴിയോര ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി, കൊച്ചി  നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് വകുപ്പുകളുമായി  സഹകരിച്ച് സംയുക്ത പരിശോധന നടത്തി

 

എറണാകുളം കലൂർ, കടവന്ത്ര പ്രദേശങ്ങളിലെ 7 സ്ഥാപനങ്ങളിലാണ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഇന്ന് ( ജൂലൈ 18 ന്), വൈകിട്ട്  പരിശോധന നടത്തിയത്. കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഇല്ലാത്ത 6 കടകളിൽ നിന്ന് കുടിവെളള സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നും ഫൈൻ ഈടാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക, കുടിവെള്ള പരിശോധന റിസൽട്ട് ലഭ്യമല്ലാതിരിക്കുക , ഹെൽത്ത് കാർഡിൻ്റെ അഭാവം എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നുമാണ് പിഴ ഈടാക്കിയത്. 
ഭക്ഷണശാലകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു.
ജൂൺ മാസത്തിൽ നടത്തിയ സംയുക്ത പരിശോധനയുടെ തുടർച്ചയായാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ പരിശോധനകൾ തുടരുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഷാഹിർഷാ അറിയിച്ചു.

 

പകർച്ച വ്യാധികൾക്ക് ഇടയാക്കുന്ന രീതിയിൽ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും
ആഹാര പാനീയങ്ങൾ തയ്യാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും  മാർഗനിർദ്ദേശങ്ങൾ 
കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

 

കൊച്ചി നഗരസഭ പ്രദേശത്ത് നടത്തിയ പ്രത്യേക പരി ശോധനയ്ക്ക്  ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് മാരായ സന്തോഷ് കെ റ്റി , ബാബു എം ആർ , കോർപ്പറേഷൻ ഹെൽത്ത്  വിഭാഗത്തിലെ  ഫുഡ് അനലിസ്റ്റ് ശ്രീല വി ബി ,  ഹെൽത്ത് ഇൻസ്പെകടർമാരായ  ഷൈനി കെ കെ , സംഗീത എം എം , ശ്രീ കല,  ഫുഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നും   ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ, എലിസബത്ത്,  ജെൻസി കൊച്ചി സിറ്റി പോലീസ് വിഭാഗത്തിൽനിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ് , മണികണ്ഠൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

date