Skip to main content

'സഹയാത്ര' യുമായി കുടുംബശ്രീ ജില്ല മിഷന്‍

കുടുംബശ്രീ ജില്ല മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ 'സഹയാത്ര' എന്ന പേരില്‍ ജില്ലാതല ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 23, 24, 25, 27 തീയതികളില്‍ തിരുവല്ല, അടൂര്‍, പന്തളം, പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലാണ് പരിപാടി. സ്‌നേഹിതയുടെ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുക, കൗണ്‍സിലിംഗ്, മാനസികാരോഗ്യ പിന്തുണ, നിയമസഹായം, സ്ത്രീ-ശിശു സുരക്ഷാ സേവനങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കലാണ് കാമ്പയിന്‍ ലക്ഷ്യം.
 തിരുവല്ലയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ലേഖയുടെ അധ്യക്ഷതയില്‍ വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. അടൂരില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ റീന സാമുവേലിന്റെ അധ്യക്ഷതയില്‍ സി. വി. ശാന്തകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പന്തളത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിനി മോട്ടിലാലിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ആര്‍. കൃഷ്ണകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ടയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലേഖയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
 കാമ്പയിന്റെ ഭാഗമായി സ്‌നേഹിതയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറും. ആവശ്യക്കാര്‍ക്ക് കൗണ്‍സിലിംഗ്, നിയമസഹായം, മാനസിക പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സ്ത്രീ-ശിശു സുരക്ഷ, ലിംഗസമത്വം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തല്‍, മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

 

date