കേരള സംഗീത നാടക അക്കാദമി സന്ദര്‍ശനം
കേരള സംഗീത നാടക അക്കാദമി സന്ദര്‍ശനത്തിന്റെ ഭാഗമായി മുരളി തിയേറ്ററില്‍ എത്തിയ മന്ത്രി, പരിശീലനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദീപന്‍ശിവരാമന്റെ സ്പെനല്‍കോഡ് എന്ന നാടകത്തിന്റെ അണിയറപ്രവര്‍ത്തകരുമായി സംവദിച്ചു. കെ.ടി.മുഹമ്മദ് തിയേറ്ററും സന്ദര്‍ശിച്ച മന്ത്രി,തിയേറ്ററില്‍ നടക്കുന്ന ഭരതന്‍ സ്മൃതിയുടെ ഭാഗമായുള്ള ഗാനമേളയുടെ പരിശീലനവും വീക്ഷിച്ചു. കലാകാരന്മാര്‍ക്കൊപ്പം ' ഹൃദയരേഖ പോലെ ഞാന്‍' എന്ന ഒരിഷ്ടഗാനത്തിലെ വരികള്‍ പാടിയാണ് മടങ്ങിയത്. തുടര്‍ന്ന് നാട്യഗ്രഹവും അക്കാദമി പുസ്തകശാലയും ലൈബ്രറിയും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയോടൊപ്പം രാജന്‍ ജെ പല്ലന്‍ എം.എല്‍.എയും ഉണ്ടായിരുന്നു.
2027 ലെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. ഇറ്റ്‌ഫോക്ക് എല്ലാവര്‍ഷവും മുടക്കമില്ലാതെ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ സ്പെഷ്യൽ ഫണ്ടായി അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഒട്ടേറെ കലാരൂപങ്ങള്‍ പരിപോഷിപ്പിക്കുന്ന സംഗീത നാടക അക്കാദമിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളം മുഴുവനും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അക്കാദമിയുടെ കീഴില്‍ വരുന്ന മുഴുവന്‍ കലകളിലേക്കും ശ്രദ്ധ പതിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കൂത്തമ്പലത്തിന്റെ നിര്‍മാണം ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കി സംഗീത നാടക അക്കാദമിക്ക് നടത്തിപ്പിനായി കൈമാറുന്നത് പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറി ഇന്‍ ചാര്‍ജ് എം.ബി. ശുഭ, പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍കുമാര്‍, ജൂനിയര്‍ സുപ്രണ്ട് പ്രതിഭ പി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments