Skip to main content
..

ഫോക്കസ് കൊല്ലം ജനപങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ  

കൊല്ലം മണ്ഡലത്തിലെ സര്‍വോ•ുഖവികസനത്തിനുള്ള വ്യത്യസ്ത പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് വനിതാ-ശിശുവികസന, തൊഴില്‍, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ.  സമഗ്രപുരോഗതിലക്ഷ്യമാക്കുന്ന ഫോക്കസ് കൊല്ലം പദ്ധതിയുടെ യോഗത്തില്‍ അധ്യക്ഷതവഹിക്കവെ  അടിസ്ഥാനസൗകര്യവികസനം, പൊതുഇടങ്ങളുടെ നവീകരണം, വനിതാ-ശിശുസൗഹൃദപദ്ധതികള്‍, യുവജനശാക്തീകരണം, തൊഴില്‍-നൈപുണ്യവികസനം, പരിസ്ഥിതിസംരക്ഷണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെശക്തിപ്പെടുത്തല്‍, ജനകീയ ഭരണസംവിധാനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് അറിയിച്ചു.
മണ്ഡലത്തിന് ആവശ്യമായ പ്രത്യേകപരിഗണന വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഉറപ്പാക്കും. ചിന്നക്കടയുടെ പ്രതീക്ഷയായ സ്‌കൈവേ യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍ഗണന നല്‍കും.  പ്രാഥമികപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്നുള്ള ബജറ്റില്‍ ആവശ്യമായ മുഴുവന്‍ തുകയും ഉള്‍പ്പെടുത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നഗരത്തിലെ അനുബന്ധവികസനപദ്ധതികളും സമാന്തരമായി നടപ്പിലാക്കും.
മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. കോര്‍പ്പറേഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലാ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെവികസനം സമയബന്ധിതമായിപൂര്‍ത്തിയാക്കും.  
ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി, സൈക്യാട്രി ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ശക്തിപ്പെടുത്തും. റഫറല്‍ ആശുപത്രി എന്ന നിലയില്‍ നിന്ന് മെഡിക്കല്‍ കോളേജിനോട് സമാനമായ നിലവാരത്തിലേക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇ.എസ്.ഐ. ആശുപത്രിയുടെ വികസനവും വേഗത്തിലാക്കും. കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയുടെ സമഗ്ര വികസനം ഉറപ്പാക്കും. 15 കോടി രൂപയുടെ പദ്ധതിയിലൂടെ നിലവിലുള്ള ടെര്‍മിനല്‍ പൊളിച്ചുമാറ്റി ആധുനികനിലവാരത്തിലുള്ള പുതിയടെര്‍മിനല്‍ നിര്‍മ്മിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നല്‍കും. സമയബന്ധിതമായി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. യാത്രാപ്രതിസന്ധി നേരിടുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
അഷ്ടമുടി കായലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിക്കും. കായലുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കും. ബോട്ട്‌ജെട്ടികളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. കൊല്ലം തോടിന്റെ വികസനവും പരിഗണനയിലാണ്.  സംസ്ഥാന സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി പദ്ധതി മുഖേന  കൊല്ലം തുറമുഖത്തിന്റെ വികസനവും ഉറപ്പാക്കും.  
അങ്കണവാടികളുടെ അടിസ്ഥാനസൗകര്യങ്ങള്‍മെച്ചപ്പെടുത്തി  സ്മാര്‍ട്ടാക്കും. ആവശ്യമായസ്ഥലങ്ങളില്‍ പുതിയകെട്ടിടങ്ങള്‍ നിര്‍മ്മിക്കും. സ്ത്രീകള്‍ക്ക് ആര്‍ത്തവ കപ്പുകള്‍, സാനിറ്ററി പാഡുകള്‍ എന്നിവ ലഭ്യമാക്കും. പരിസ്ഥിതിസൗഹൃദ സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീനുകളും ഇന്‍സിനറേറ്ററുകളും പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കും. പൊതുശുചിമുറികള്‍, തൊഴില്‍സ്ഥലങ്ങളിലെശുചിമുറികള്‍, ഫീഡിങ് സെന്ററുകള്‍ എന്നിവയും ഉറപ്പാക്കും.
പെരുമണ്‍പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കും. ഓലയില്‍കടവ് പാലത്തിന്റെ സാധ്യതകളും പരിശോധിക്കും. കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗതവ്യവസായങ്ങളെ കൂടുതല്‍ശക്തിപ്പെടുത്തും. തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും വര്‍ധിതപിന്തുണ നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കും. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും പിന്തുണ ഉറപ്പാക്കും; ഫിഷറീസ് വകുപ്പിന്റെയും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെയും സഹകരണത്തോടെ തീരദേശ റോഡുകള്‍ ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കും.
അഷ്ടമുടികായലുമായി ബന്ധപ്പെട്ട ടൂറിസം വിപുലപ്പെടുത്തും.  50 കോടി രൂപയുടെ പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കും.  സാമ്പ്രാണിക്കോടിയുടെ അടിസ്ഥാനസൗകര്യവികസനവും ഉറപ്പാക്കും. പടിഞ്ഞാറേകല്ലടയില്‍ വിജയകരമായിനടപ്പാക്കിയ ഫ്‌ളോട്ടിങ് സോളാര്‍ പദ്ധതിയുടെ മാതൃകയില്‍ കൊല്ലം മണ്ഡലത്തിലും സൗരോര്‍ജ്ജപദ്ധതി നടപ്പാക്കും.
ജില്ലാ വെറ്ററിനറി ആശുപത്രി വികസനം യാഥാര്‍ഥ്യമാക്കും.  മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കും.  ആശ്രാമം  കെ ടി ഡി സി അക്വലാന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലിജുമോന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date