Skip to main content

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.

 

 

ഹെപ്പറ്റൈറ്റിസ് നമുക്ക് പരിഹരിക്കാം " എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം   കൊച്ചി നഗരസഭ മേയർ അഡ്വ. മിനി മോൾ വി കെ നിർവ്വഹിച്ചു.കൊച്ചി നഗരസഭ കൗൺസിലർ ശ്രീ കെ വി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.  ഹെപ്പറ്റൈറ്റിസ് എ , ബി , സി , ഇ തുടങ്ങിയ മഞ്ഞപ്പിഞ്ഞ രോഗങ്ങളെ പ്രതിരോധിക്കാൻ ബോധവത്‌കരണം, സ്‌ക്രീനിങ് , വാക്‌സിനേഷൻ തുടങ്ങിയ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രണ്ടു മാസ കാലയളവ് നീണ്ടു നിൽക്കുന്ന പരിപാടികൾക്ക്  തുടക്കം കുറിച്ചു.     എറണാകുളം ജനറൽ ആശുപത്രി  കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ  ഡോ ഷാഹിർഷാ ആർ, ജില്ലാ മെഡിക്കൽ  ഡി എം ഒ മുഖ്യപ്രഭാഷണം നടത്തി.  ഡോ അനു സി കൊച്ചുകുഞ്ഞ് , NVHCP നോഡൽ ഓഫീസർജനറൽ ആശുപത്രി  സെമിനാർ നയിച്ചു . ഡോ ഹനീഷ് എം എം ഡിപി എം ദിന സന്ദേശം നൽകി ഡോ ആശ കെ ക, ജില്ലാ സർവൈലൻസ് ഓഫീസർഡോ പ്രഭു ദാസ് , സൂപ്രണ്ട് , എറണാകുളം ജനറൽ  ആശുപത്രി, ഡോ രശ്‌മി എം എസ് ആർ സി എച്ച് ഓഫീസർ, ഡോ ടിമ്മി റോട്രിഗസ്സ് ജോർജ്  ജില്ലാ എയ്‌ഡ്സ് നിയന്ത്രണ ഓഫീസർ, ഡോ ടിട്ടോ റഹിം ജൂനിയർ അഡ്‌മിനിസ്ട്റ്റേവ് മെഡിക്കൽ ഓഫീസർ, ഡോ രജനി ജി, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ, ശ്രീ ബാബു എം ആർ
ടെക്‌നിക്കൽ അസിസ്‌റ്റൻ്റ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബ്യൂട്ടിപാർലറുകൾ, സലൂണുകൾ, ടാറ്റൂ സെൻ്ററുകൾ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ ബോധവത്കരണ പോസ്‌റ്റർ  പ്രകാശനം  ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യം ദൗത്യം, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

ഹെപ്പെറ്റൈറ്റിസ് ബി രോഗാണുവിനെ കണ്ടെത്തുകയും, രോഗനിര്‍ണയത്തിനായുള്ള പരിശോധന, പ്രതിരോധ കുത്തിവയ്പ് എന്നിവ കണ്ടെത്തുകയും ചെയ്ത നോബല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ ഡോ. ബറൂച്ച് ബ്ലുംബര്‍ഗിന്റെ ജന്മദിനമായ ജൂലൈ 28 ആണ് ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.   ഹെപ്പറ്റൈറ്റിസ് കണ്ടെത്താനും, ചികിത്സിക്കാനും, പ്രതിരോധിക്കാനുമുള്ള ധാരാളം സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. അവ ശരിയായി ഉപയോഗിക്കുന്നതിലൂടെ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനും കരൾ രോഗങ്ങൾ തടയാനും സാധിക്കും. 

ഹെപ്പെറ്റെറ്റിസ്-എ-യും ഇ-യും മലിനമായ  ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പെറ്റെറ്റിസ് ബി-യും സി-യും ഡിയും രോഗബാധയുള്ള ആളുടെ രക്തത്തിലൂടെയും, ശരീര സ്രവങ്ങളിലൂടെയാണ്  മറ്റൊരാളിലേക്ക് പകരുന്നത്. ഹെപ്പറ്റൈറ്റിസ്- ബി, സി, ഡി. എന്നിവയുടെ  പ്രധാന ലക്ഷണങ്ങൾ ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലക്കറക്കം, ഛർദ്ദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം തുടങ്ങിയവയാണ്. 
ഹെപ്പറ്റൈറ്റിസ്-ബി യ്ക്ക് രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവർക്ക് രോഗനിർണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്. ആരോഗ്യപ്രവർത്തകർ, പതിവായി ഡയാലിസിസിന് വിധേയമാകുന്നവർ ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്. 

രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ്-ബി പകരുന്നത് തടയാൻ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിൻ നൽകുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ ലഭ്യമാണ്. ഗർഭിണികൾക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിർണ്ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്.  ഹെപ്പറ്റെറ്റിസ് ബി സ്‌ക്രീനിങ് , വാക്സിനേഷൻ എന്നിവ പ്രധാന ആശുപത്രികൾ ലഭ്യമാണ്.

ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. നിലവിൽ
ജനറൽ ആശുപത്രി എറണാകുളം , ജനറൽ ആശുപത്രി മൂവാറ്റുപുഴ , കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവയാണ് ചികിത്സ കേന്ദ്രങ്ങൾ. 
 

date