Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

 

മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് സാഫ് മുഖേന നടപ്പിലാക്കുന്ന 'ഒരു കുടുംബത്തിന് ഒരു സംരംഭം' പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷത്തെ ഈ പദ്ധതി വഴി അപേക്ഷകരുടെ ആവശ്യാനുസരണം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഗ്രാന്റായി നൽകുന്നത്. ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ (FFR) ഉൾപ്പെട്ടിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്കാണ് പദ്ധതിക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.
എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫിന്റെ വെബ്‌സൈറ്റ് എന്നിവടങ്ങളിൽ നിന്ന് അപേക്ഷാ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 24-ന് വൈകീട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012132836, 6235089191, 8129644919, 7899529 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

പലിശരഹിത വായ്പയ്ക്ക് അപേക്ഷിക്കാം

 

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫിന്റെ (SAF) നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി വനിതകൾക്കായി ജോയിന്റ്  ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ (FFR) അംഗത്വമുള്ള, മത്സ്യക്കച്ചവടം, പീലിംഗ്, മീൻ ഉണക്കൽ, മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പ്രവർത്തന മൂലധനത്തിനായി റിവോൾവിംഗ് ഫണ്ടിന് ഗ്രൂപ്പുകളായി അപേക്ഷിക്കാം. 5 പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് പ്രായപരിധിയില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് 50,000 രൂപ പലിശരഹിത വായ്പയായി ലഭിക്കും (ഓരോ അംഗത്തിനും 10,000 രൂപ വീതം). മുൻപ് സാഫിൽ നിന്ന് ഉപജീവന പദ്ധതികൾക്ക് ആനുകൂല്യം ലഭിച്ചവർ അർഹരല്ല, എന്നാൽ മത്സ്യക്കച്ചവടം നടത്തുന്നവർക്ക് മുൻഗണനയുണ്ട്.
അപേക്ഷാ ഫോമുകൾ എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫിന്റെ വെബ്‌സൈറ്റ് എന്നിവടങ്ങളിൽ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2026 ഓഗസ്റ്റ് 24-ന് വൈകീട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കേണ്ടതാണ്. സാഫ് ഫെസിലിറ്റേറ്റർമാർ മുഖേന ആഴ്ചതോറും നിശ്ചിത തുക തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകൾക്ക് തുടർന്നും റിവോൾവിംഗ് ഫണ്ട് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 9847871278, 7736680550, 8943837072, 9846738470.

എന്യൂമറേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേയ്ക്കായി (ASUSE) എന്യൂമറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന്റെ കാലാവധി 2027 മാർച്ച് 31 വരെയായിരിക്കും. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദമുള്ളവർക്ക് (സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 35 വയസ്സ് കവിയരുത്. കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത, സർവേ പ്രവർത്തനങ്ങളിലെ മുൻപരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ https://forms.gle/t3PYBhPclTpC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി 2026 ഓഗസ്റ്റ് 10-ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഓഫീസിൽ  നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 9495842549

 

സ്പോട്ട് അഡ്മിഷൻ

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ക്ഷണിച്ചു. ജനറൽ വിഭാഗം, സ്പോർട്സ് കോട്ട, പട്ടികജാതി, പട്ടികവർഗ്ഗം, ട്രാൻസ്‌ജെൻഡർ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. യോഗ്യരായ അപേക്ഷകർ 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10.30-ന് യോഗ്യത തെളിയിക്കുന്ന ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒഴിവുകളുള്ള സീറ്റുകളുടെ വിവരങ്ങൾക്കും കൂടുതൽ വിശദാംശങ്ങൾക്കുമായി കോളേജ് വെബ്‌സൈറ്റ് (maharajas.kreap.co.in) സന്ദർശിക്കുക.

 

സ്റ്റാഫ് നഴ്സ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ  കീഴിൽ പ്രതിദിനം സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, ജി എൻ എം/ ബി എസ് സി   നഴ്സിംഗ്, കെ എൻ സി രജിസ്ട്രേഷൻ എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. അപേക്ഷകർക്ക് 01-01-2026 തീയതിയിൽ 18 നും 36 നും മധ്യേ പ്രായമുണ്ടായിരിക്കണം (01-01-1990 നോ അതിനു ശേഷമോ ജനിച്ചവർ).

താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് 10 തിങ്കളാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെയായിരിക്കും രജിസ്ട്രേഷൻ സമയം. എഴുത്തുപരീക്ഷ രാവിലെ 11.00-ന് ആരംഭിക്കും. 
ഫോൺ: 0484 2754000.

 

സ്‌പെഷ്യൽ റിവാർഡ്: അപേക്ഷ ക്ഷണിച്ചു

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 2024 മാർച്ച് 31-ന് മുൻപായി അംഗത്വം എടുത്ത സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും 2024-25 അക്കാദമിക വർഷത്തെ സ്‌പെഷ്യൽ റിവാർഡിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/ദേശീയ തലത്തിൽ കലാ, കായിക, അക്കാദമിക രംഗങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കാണ് അവാർഡിന് അർഹതയുള്ളത്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, സാക്ഷ്യപ്പെടുത്തിയ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ 5-നകം എറണാകുളം എസ്.ആർ.എം. റോഡിലുള്ള ജില്ലാ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. 
ഇ-മെയിൽ: kmtekm7@gmail.com, 
ഫോൺ: 0484-2401632.

 

അപേക്ഷ ക്ഷണിച്ചു

 

എറണാകുളം കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിലെ മുഴുവൻ സമയ കെയർടേക്കർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജോലിസ്ഥലത്ത് താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. 
താല്പര്യമുള്ളവർ 2026 ഓഗസ്റ്റ് 14-ന് വൈകീട്ട് 5 മണിക്ക് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് - PIN 682030 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 

ഫോൺ: 0484-2422239 

ദർഘാസ്  ക്ഷണിച്ചു

 

എറണാകുളം തോപ്പുംപടി വില്ലേജിൽ അമൽഗമേറ്റഡ് ഫണ്ട് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ക്യാമ്പസ് കൺവെൻഷൻ സെന്ററിനും കോർപ്പറേഷൻ റീഡിംഗ് റൂമിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്നതിനും, താത്ക്കാലിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും താല്പര്യമുള്ളവരിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. 20 സെന്റ് സ്ഥലം വീതം 11 മാസത്തെ കാലാവധിയിലേക്കാണ് ലീസിന് നൽകുന്നത്. വിമുക്തഭടന്മാർ, വിമുക്തഭട സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 5 വൈകീട്ട് 4 മണി വരെ . കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

 

അപേക്ഷ ക്ഷണിച്ചു

 

ജില്ലയിൽ  കൊച്ചി സിറ്റി , ആലുവ താലൂക്ക് , മൂവാറ്റുപുഴ താലൂക്ക്  എന്നിവിടങ്ങളിലെ ന്യായവില ഷാപ്പുകളിൽ (റേഷൻ കടകൾ) സ്ഥിര ലൈസൻസിയെ നിയമിക്കുന്നതിനായി ജനറൽ വിഭാഗത്തിൽ അപേക്ഷ ക്ഷണിച്ചു . താല്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം  സെപ്റ്റംബർ 07-ന് വൈകീട്ട് 3 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ എറണാകുളം ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കേണ്ടതാണ്.
ഫോൺ:0484-2423359, 2422251

 

സ്‌പോട്ട് അഡ്മിഷൻ

 

കളമശ്ശേരി ഗവ. വനിതാ ഐ.ടി.ഐ.യിൽ റെഗുലർ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ്  14 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.00 മണിക്ക് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2544750, 9496282057 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

date