കളക്ടറേറ്റിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീർത്ത ബെഞ്ച് സ്ഥാപിച്ചു
കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ ചേംബറിന് മുന്നിലെ വെയിറ്റിംഗ് ഏരിയയിൽ പൂർണ്ണമായും പുനരുപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ബെഞ്ച് സ്ഥാപിച്ചു.
സുസ്ഥിര വികസന മാതൃകകൾ ജില്ലാ ഭരണകൂടത്തിന്റെ സിരാകേന്ദ്രത്തിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന ആശയത്തിലൂന്നിയാണ് കൊച്ചി അധിഷ്ഠിത സ്റ്റാർട്ടപ്പായ കാർബൺ ആൻഡ് വെയ്‌ൽ നിർമ്മിച്ച ബെഞ്ച് സ്ഥാപിച്ചത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) വഴി ഈ പദ്ധതി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ പ്ലാസ്റ്റിക്കോ തടിയോ ഉപയോഗിക്കുന്നതിന് പകരം പുനരുപയോഗ പ്ലാസ്റ്റിക് ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് വഴി പ്രകൃതിവിഭവ സംരക്ഷണവും വനനശീകരണ നിയന്ത്രണവും സാധ്യമാകും.
പ്ലാസ്റ്റിക് മാലിന്യങ്ങളെ 15 മുതൽ 20 വർഷം വരെ ഈടുനിൽക്കുന്ന മോഡുലാർ ഫർണിച്ചറുകളാക്കി മാറ്റുന്ന കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് കാർബൺ ആൻഡ് വെയ്‌ൽ. വിദ്യാർത്ഥികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് നിർമ്മിക്കുന്ന ഇവരുടെ ഉൽപ്പന്നങ്ങൾ കൊച്ചി മെട്രോ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
- Log in to post comments