Skip to main content

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി പി സി വിഷ്ണുനാഥ് ദേശീയപതാക ഉയര്‍ത്തും

രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നാളെ (ഓഗസ്റ്റ് 15) രാവിലെ ഒമ്പതിന് ടൂറിസം - സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ എട്ടിന് പരിപാടി ആരംഭിക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഒമ്പതിന് മന്ത്രി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പിലെ കെ എന്‍ ബിജുലാല്‍ ആണ് പരേഡ് കമാന്‍ഡര്‍.
പരേഡ് മാര്‍ച്ച് പാസ്റ്റിനു ശേഷം മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. പൊലിസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെആര്‍സി, ബാന്‍ഡ് എന്നിവയും ഉള്‍പ്പെടെ 21 പ്ലറ്റൂണുകള്‍ ചടങ്ങില്‍ അണിനിരക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് കോളജ് ഗ്രൗണ്ടില്‍ എത്തണമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

 

date