ദേശീയ ഭക്ഷ്യഭദ്രതാ നിയമം; അവലോകന യോഗം ചേര്‍ന്നു
റേഷന്‍ നേരില്‍ വാങ്ങാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റേഷന്‍ വിഹിതം വീടുകളില്‍ എത്തിക്കുന്ന നടപടികള്‍ക്ക് നിര്‍ദേശം നല്കി സംസ്ഥാന ഭക്ഷ്യകമ്മീഷന്. 'ഒപ്പം' പദ്ധതിപ്രകാരം അര്‍ഹരായ ഗുണഭോക്താകളുടെ പട്ടിക പൊതുവിതരണ ഉപഭോക്തൃ വകുപ്പ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചതായും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഇവ വീടുകളില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ ഭക്ഷ്യകമ്മീഷന് അംഗം മുരുകേഷ് ചെറുനാലി അധ്യക്ഷനായി.
ആലത്തൂര്‍ തളികകല്ല്, അട്ടപ്പാടിയിലെ തേക്കുപന ദോഡുഗട്ടി, ചിറ്റൂര്‍ ഉറവമ്പാടി എന്നീ പട്ടികവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഈ മാസം ഉദ്ഘാടനം ചെയ്യും. അട്ടപ്പാടിയിലെ മൂലഗംഗല്‍, വെള്ളകുളം, വെന്തവെട്ടി, തങ്കനാരിപ്പളളം ഉന്നതികളില്‍കൂടി പദ്ധതി ആരംഭിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണപദ്ധതി ജില്ലയില്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഭക്ഷ്യകമ്മീഷന്റെ യോഗം ത്രൈമാസത്തില്‍ ഒരിക്കല്‍ ചേരുമെന്നും കമ്മീഷന് അംഗം അറിയിച്ചു.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അട്ടപ്പാടി ഷോളയൂരിലെ മൂലഗംഗല്‍, വെള്ളകുളം, വച്ചപതി, ഗോഞ്ചിയൂര്‍ ഉന്നതികളും അങ്കണവാടികളും ഭക്ഷ്യകമ്മീഷന് അംഗത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എ അബ്ദുള്‍ ലത്തീഫ്, ജില്ലാ സപ്ലൈ ഓഫീസര്‍ എ എസ് ബീന, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, എഫ്.സി.ഐ, സപ്ലൈകോ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments