Skip to main content

കനകക്കുന്ന് വേദികളിൽ ഇന്ന് (ആഗസ്‌റ്റ്‌ 27) മുടിയേറ്റും തിരിയുഴിച്ചിലും മംഗലം കളിയും കാണാം

ഓണം  വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്‌റ്റ്‌ 27)വൈകിട്ട് വിവിധ വേദികളിലായി നാടൻ കലാരൂപങ്ങളും പ്രശസ്ത കലാകാരന്മാരുടെ പ്രകടനങ്ങളും കാണികൾക്ക് മുന്നിലെത്തും.

നിശാഗന്ധി വേദിയിൽ വൈകിട്ട് 6 മണിക്ക് ആചാരാനുഷ്ഠാന പെരുമയോടെ ദാരികവധം മുടിയേറ്റ് അരങ്ങേറും. 42 വർഷമായി ഈ രംഗത്ത് സജീവമായ പെരുമ്പാവൂർ സ്വദേശി കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധവും ദാരികവധവും പ്രമേയമാകുന്ന ഈ കലാരൂപത്തിൽ 4 കഥാപാത്രങ്ങൾ അണിനിരക്കും.

തുടർന്ന് രാത്രി 7 മണിക്ക് പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന 'ഓണസമൃതി 2026' സംഗീത വിരുന്ന് നടക്കും.

'തിരുവരങ്ങ്' വേദിയിൽ വൈകിട്ട് 6ന് ആപത്തുകളും നെഗറ്റീവ് ഊർജ്ജങ്ങളും അകറ്റാൻ നടത്തുന്ന അനുഷ്ഠാന ക്രിയയായ 'തിരിയുഴിച്ചിൽ' നടക്കും. 2012ലെ ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനുമായ സുധീർ മുള്ളൂർക്കരയും കുടുംബവുമാണ് അവതരിപ്പിക്കുന്നത്. ഭാര്യ പ്രമീള, മകൻ അഭിനവ് എന്നിവർക്കൊപ്പമാണ്,  11 വയസ് മുതൽ ഈ രംഗത്തുള്ള സുധീർ വേദിയിലെത്തുന്നത്. തുടർന്ന് 7 മണിക്ക് വിശ്വകലാകേന്ദ്രം ബാലകൃഷ്ണന്റെ ഓട്ടൻതുള്ളലും 8 മണിക്ക് കൊല്ലം ചൈതന്യ കലാസംസ്‌കാരിക സമിതിയിലെ 8 അംഗ സംഘം അവതരിപ്പിക്കുന്ന കമ്പടിയും (കൃഷ്ണചരിതം) അരങ്ങേറും.

സോപാനം വേദിയിൽ വൈകിട്ട് 6 മണിക്ക് മാവിലൻ, മലവേടുവ വിഭാഗത്തിന്റെ തനത് ഗോത്രനൃത്തമായ 'മംഗലംകളി' അരങ്ങേറും. കാസർഗോഡ് സനത് നാട്ടറിവ് പഠന കേന്ദ്രത്തിലെ എൻ. ഷിജിത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗസംഘമാണ് തനത് വേഷവിധാനത്തോടെ  അവതരിപ്പിക്കുന്നത്. തുടർന്ന് രാത്രി 7 മണിക്ക് ദഫ്മുട്ടും 8 മണിക്ക് വർക്കല നാട്യവേദിയുടെ 10 അംഗ സംഘം അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകവും നടക്കും

date