ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയർ നിർവ്വഹിച്ചു
ആരോഗ്യ കുടുംബക്ഷേമ വകുപ്പും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൽതുരുത്ത് നിശാഗന്ധി അങ്കണവാടിയിൽ തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവ്വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ. സുമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇൻ ചാർജ് ഡോ. എൻ.എ. ഷീജ മുഖ്യപ്രഭാഷണവും ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി. മീര വിഷയാവതരണവും നടത്തി.
"ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ ശാരീരിക വളർച്ച, പോഷകാഹാര നില, വിളർച്ച, കാഴ്ച, കേൾവി, മാനസിക വളർച്ച എന്നിവ ആരോഗ്യ പ്രവർത്തകർ 3 മാസത്തിലൊരിക്കൽ അങ്കണവാടികളിലെത്തി സ്ക്രീനിംഗ് നടത്തും. ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സയും തുടർ പരിചരണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് , ജില്ലാതല ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ എൻ. ദിവ്യ, അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.കെ. ശ്രീജ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സി.എം. ശ്രീജ, ടെക്നിക്കൽ അസിസ്റ്റൻ്റ് സി.സി. മനോജ് ചന്ദ്രൻ, എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് വി. സിന്ധു, സി.ഡി.പി.ഒ. സി.ജെ. ബീന, ഐ.സി.ഡി.എസ്. സൂപ്പർവൈസർ വി. ഐശ്വര്യ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ പരിശോധനയും അങ്കണവാടി വർക്കർമാർ ഒരുക്കിയ പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു.
- Log in to post comments