*“വെളിച്ചം 2026” കരിയർ ഗൈഡൻസ് ശിൽപശാലയ്ക്ക് തുടക്കമായി*
2026–27 സാമ്പത്തിക വർഷത്തിലെ വികേന്ദ്രീകൃതാസൂത്രണ പട്ടികജാതി വികസന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന “വെളിച്ചം 2026” കരിയർ ഗൈഡൻസ് ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി. വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ മുന്നേറ്റം ലക്ഷ്യമിട്ടാണ് കോർപ്പറേഷൻ ശിൽപശാല സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് അനുയോജ്യമായ മേഖല തിരഞ്ഞെടുക്കുകയും ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം നൽകുകയുമാണ് ശിൽപശാലയുടെ ലക്ഷ്യം. കൂടാതെ, ആത്മവിശ്വാസം വളർത്തുന്നതിനായി ലൈഫ് സ്കിൽ, മാനസിക സമ്മർദ്ദം കുറയ്ക്കൽ (സ്ട്രെസ് മാനേജ്‌മെന്റ്), പരീക്ഷ പേടി മറികടക്കൽ, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
തൃശൂർ ഡയറ്റ് സീനിയർ ലക്ചറർ ഡോ. ശ്രീകല (കരിയർ ഡെവലപ്‌മെന്റ്), ലക്ചറർ പി. പ്രസി (സുസ്ഥിര വികസനം), പട്ടികജാതി വികസന ഓഫീസർ വി. പ്രബിത (വിദ്യാഭ്യാസ പദ്ധതികൾ), കോർപറേഷൻ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. വില്ലി ജിജോ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങളായ വിഭിത വാസു, സിന്റോമോൾ സോജൻ, കൗൺസിലർ സാജൻ സി. ജോർജ്, സ്കൂൾ പ്രിൻസിപ്പാൾ ടി.എസ് പത്മജ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments