പുതുതലമുറയെ കാർഷിക രംഗത്ത് സജീവമാക്കും: എ ഡി തോമസ് എം എൽ എ -അഗ്രിടെക്നോളജി മീറ്റ് ഉദ്ഘാടനം ചെയ്തു
പുതുതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനും മേഖലയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സർക്കാർ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് ആലപ്പുഴ എംഎൽഎ എ ഡി തോമസ്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ആലപ്പുഴ വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച അഗ്രിടെക്നോളജി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്പാദനരംഗം ശക്തിപ്പെടുത്തും. ജില്ലയിലെ കർഷകർക്ക് സാങ്കേതിക സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും നിലവിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കാർഷിക ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ആഗ്രോ മിഷനറി സർവീസ്- സുരക്ഷാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് യൂണിറ്റുകളുടെ ഫ്ലാഗ് ഓഫും എംഎൽഎ നിർവഹിച്ചു. കാർഷിക യന്ത്രവൽക്കരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക യന്ത്രങ്ങളുടെ വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ നിർവഹിച്ചു. കാർഷിക ഉപകരണങ്ങളുടെ നറുക്കെടുപ്പും സമ്മാനവിതരണവും ഏകദിന ശില്പശാലയുടെ ഉദ്ഘാടനവും ചടങ്ങിൽ അധ്യക്ഷയായ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ മായ നിർവഹിച്ചു. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ വി.പി.സിന്ധു, അഗ്രി എക്സിക്യൂട്ടീവ് എൻജിനിയർ ഷൈനി ലൂക്കോസ്,പ്രോജക്ട് ഡയറക്ടർമാരായ എസ്.സുനിത, പി.രേണു,പി.സമീറ, കെ.സി.രാജുമോൻ, അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനിയർ എ.ജി.അമ്പിളി എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥർ, കർഷകർ, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments