Skip to main content

കെൽട്രോണിന്റെ സ്വയം നിയന്ത്രിത അണ്ടർവാട്ടർ വെസ്സലിനുള്ള സോണാർ സിസ്റ്റം ഇന്റഗ്രേഷൻ മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

പ്രതിരോധ-പവർ ഇലക്ട്രോണിക്സ് രംഗത്ത് നൂതന പദ്ധതികളുമായി കെൽട്രോൺ. സർക്കാരിന്റെ ആദ്യ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി തദ്ദേശീയമായി നിർമിക്കുന്ന അണ്ടർ വാട്ടർ വെസൽ സിസ്റ്റത്തിനുള്ള (ജൽകാപി)  ബോ അറേ, ഫ്ലാങ്ക് അറേ സോണാർ സിസ്റ്റം ഇന്റഗ്രേഷൻ ഘട്ട ഉദ്ഘാടനം കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിൽ (KECL)  വ്യവസായ-വിവരസാങ്കേതിക-എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. സോണാർ സിസ്റ്റങ്ങളുടെ നിർമാണവും കെൽട്രോൺ ആണ് പൂർത്തീകരിച്ചത്. കെൽട്രോൺ കേരളത്തിന് അഭിമാനകരമായ  സ്ഥാപനമാണെന്നും, അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാൻ അവർക്ക് കഴിയുന്നു എന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്നും മന്ത്രി  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച കെൽട്രോൺ മാനേജ്മെന്റിനെയും ജീവനക്കാരെയുംമന്ത്രി അഭിനന്ദിച്ചു. കെൽട്രോണിന്റെ എല്ലാവിധ വികസന സാധ്യതകൾക്കും സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.

'ജൽകാപി' പദ്ധതിക്കാവശ്യമായ ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ അരൂരിലെ കെൽട്രോൺ കൺട്രോൾസിലും സെൻസറുകൾ മലപ്പുറം യൂണിറ്റിലുമാണ് വികസിപ്പിച്ചത്. പദ്ധതിയുടെ സിസ്റ്റം ഇന്റഗ്രേഷൻ  ഘട്ടത്തിലേക്ക്  കടക്കുന്നതിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. നാവികസേനയെ പ്രതിനിധീകരിച്ച് സബ്മറൈൻ ഡിസൈൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൊമോഡോർ ഡോ. അമിത് റേ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

 കൂടംകുളം അണുശക്തി നിലയത്തിലെ 5, 6 യൂണിറ്റുകളിലേക്ക് ആവശ്യമായ പവർ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാർ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ് (KEC) ഏറ്റുവാങ്ങി. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ (NPCIL) എക്സിക്യൂട്ടീവ് ഡയറക്ടർ സുഭാശിഷ് റോയിയിൽ നിന്നാണ് കെൽട്രോൺ അധികൃതർ കരാർ സ്വീകരിച്ചത്. എൻ.പി.സി.ഐ.എല്ലിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ആദ്യ ഓർഡറാണിത്.

ബി.പി.ടി. എക്സിക്യൂട്ടിവ് ചെയർമാൻ കെ. അജിത് കുമാർ, മലപ്പുറം ജില്ലാ പഞ്ചായത്തംഗം വസീമ വേളേരി, ബ്ലോക്ക് പഞ്ചായത്തംഗം  എം. സൗമ്യ, എംപ്ലോയീസ് യൂണിയൻ പ്രതിനിധികൾ, കെൽട്രോൺ ജീവനക്കാർ എന്നിവർ പങ്കെടുത്തു. കെൽട്രോൺ എം.ഡി ശ്രീകുമാർ നായർ സ്വാഗതവും കെ.ഇ.സി.എൽ എം.ഡി ജേക്കബ് തരകൻ നന്ദിയും പറഞ്ഞു.

date