Skip to main content

നിർമലം പുതുയുഗ ശുചിത്വ കേരളം: സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്ടോബർ 2 ) നോർത്ത് പറവൂരിൽ

 

*മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

കേരളത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'നിർമലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്ടോബർ 2) നോർത്ത് പറവൂരിലെ സണ്ണി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. പൊതുജന പങ്കാളിത്തത്തോടെയുള്ള മാലിന്യപരിപാലന പദ്ധതി 2026–2031-ന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അനുപമ ടി.വി. ഐ.എ.എസ്. ക്യാമ്പയിൻ വിശദീകരണം നടത്തും. നോർത്ത് പറവൂർ നഗരസഭാ ചെയർപേഴ്സൺ രമേശ് ഡി. കുറുപ്പ് സ്വാഗതം ആശംസിക്കും.

മാലിന്യസംസ്കരണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നൂറുശതമാനം മാലിന്യസംസ്കരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉറവിടത്തിൽത്തന്നെ മാലിന്യം തരംതിരിക്കുക, ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് ക്യാമ്പയിൻ പ്രാധാന്യം നൽകും.

മാലിന്യസംസ്കരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരന്റെയും പങ്കാളിത്തം അനിവാര്യമാണെന്നുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സംയോജിത പങ്കാളിത്തത്തിലൂടെ സുസ്ഥിരമായ മാലിന്യപരിപാലന സംവിധാനം ഉറപ്പാക്കും.

ഉദ്ഘാടനച്ചടങ്ങിൽ ക്യാമ്പയിൻ ലോഗോയും പദ്ധതി രൂപരേഖയും പ്രകാശനം ചെയ്യും. പ്ലാസ്റ്റിക് റീസൈക്ലിങ് പോളിസി 2026, ശുദ്ധീകരിച്ച മലിനജലം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള നയം (Safe Reuse of Treated Wastewater Policy 2026), ജനപ്രതിനിധികൾക്കായുള്ള
എസ് ഡബ്ല്യു എം (SWM Rules 2026) പരിശീലന മൊഡ്യൂൾ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്യും.

എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. ജില്ലയിലെ എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date