Skip to main content

അന്താരാഷ്ട്ര ദുരന്തസാധ്യത ലഘൂകരണ ദിനം  ആചരിച്ചു

 അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ സമൂഹ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ്  എക്സിക്യൂട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറും ആയ ജോസഫ് സ്റ്റീഫൻ റോബി പരിപാടി ഉദ്ഘാടനം ചെയ്തു. "പ്രതിരോധശേഷിയുടെ തുടക്കം വീട്ടിൽ നിന്ന് "എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. 
“സുരക്ഷ വീട്ടിൽ നിന്ന്” എന്ന ആശയത്തെ അടിസ്ഥാനമാക്കി, ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിലും ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ കുടുംബങ്ങളെയും സമൂഹത്തെയും സജ്ജമാക്കുന്നതിലും ഗാർഹികതലത്തിലുള്ള മുന്നൊരുക്കങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിവിധ പ്രവർത്തനങ്ങളും ദുരന്ത മുന്നൊരുക്കം ശക്തിപ്പെടുത്തുന്നതിനും ദുരന്തപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി അതോറിറ്റി നടപ്പിലാക്കുന്ന ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. 
എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി,   റിലയൻസ് ഫൗണ്ടേഷൻ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ധാൻ ഫൗണ്ടേഷൻ, എന്നിവരുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

കുട്ടമ്പുഴയുടെ മലയോര-വനമേഖലാ പശ്ചാത്തലത്തിൽ നേരിടാൻ സാധ്യതയുള്ള ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, റോഡ് തടസ്സങ്ങൾ, വന്യജീവി സംബന്ധമായ അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സുരക്ഷാ നടപടികളും അടിയന്തര പ്രതികരണ മാർഗങ്ങൾ, ഒരു കുടുംബത്തിൽ വേണ്ടി വരുന്ന എമർജൻസി കിറ്റ് തയ്യാറാക്കൽ, മുൻകൂർ മുന്നറിയിപ്പിൻ്റെ വിവരങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ ബോധവത്കരണം നയിച്ചു. 
കോതമംഗലം ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, ഫയർ ഓഫീസർ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ ദുരന്ത മുന്നൊരുക്കം, സുരക്ഷാ മുൻകരുതലുകൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ,ഫയർ എക്സ്റ്റിംഗിഷെർ ഉപയോഗിക്കുന്ന വിധം, ജല ദുരന്ത സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ജല രക്ഷാപ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് പ്രായോഗിക പരിശീലനവും നൽകി. റിലയൻസ് ഫൗണ്ടേഷൻ്റെ  ജില്ലയിലെ ദുരന്ത ലഘൂകരണ പരിപാടിയുടെ വിവരങ്ങൾ ദുരന്ത നിവാരണ വിഭാഗം ഓഫീസർ നഫാസ് നാസർ വിശദീകരിച്ചു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കുട്ടമ്പുഴ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ്  മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  എൽദോസ് ബേബി ഐ എ  ജി കൺവീനർ എൽദോസ് ബാബു, പഞ്ചായത്ത്  സെക്രട്ടറി ശ്രീകുമാർ എന്നിവർ  പഞ്ചായത്ത് അംഗങ്ങളും, കുടുംബശ്രീ , ഹരിത കർമ്മസേന അംഗങ്ങളും പങ്കെടുത്തു.

date