ആലപ്പുഴ മണ്ഡലത്തിൽ നാല് ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം വരും
ജില്ലയിലെ
ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി ആലപ്പുഴ നിയമസഭ മണ്ഡലത്തിൽ നാല് ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കും.
ചെറിയപൊഴി സബ്സെന്റർ (മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത്), ആര്യാട് മെയിൻ സെന്റർ (ആര്യാട് ഗ്രാമപഞ്ചായത്ത്), മാരാരിക്കുളം മെയിൻ സെന്റർ (മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത്), കലവൂർ മെയിൻ സെന്റർ (മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്) എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങൾ വരുന്നത്.
ആലപ്പുഴ എം.എൽ.എ, എ.ഡി. തോമസിന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് വഴിയൊരുങ്ങിയത്. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്.
ഓരോ കേന്ദ്രത്തിനും 55.50 ലക്ഷം രൂപ വീതം ആകെ 2.22 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിലെ പ്രാഥമിക
ആരോഗ്യപരിചരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങൾ ഒരുങ്ങുന്നത്.
ഈ പുതിയ കെട്ടിടങ്ങളിൽ കാത്തിരിപ്പ് കേന്ദ്രം, കൺസൾട്ടേഷൻ റൂം, ഇമ്മ്യൂണൈസേഷൻ റൂം, ഫീഡിങ് റൂം, ലാബ്, ഫാർമസി, വെൽനസ് റൂം, സ്റ്റോർ, ഐ.യു.സി.ഡി, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുത്തിയാണ് നിർമാണം. ഇൻകെൽ ആണ് നിർവഹണ ഏജൻസി.
ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യപരിചരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് സമീപത്തുതന്നെ അടിസ്ഥാന ചികിത്സാസേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതി സഹായകരമാകും.
- Log in to post comments