Skip to main content

ബിയോണ്ട് ദ സ്‌ക്രീന്‍-എ ലെറ്റര്‍ ടു മൈ ഡിയര്‍ സ്റ്റുഡന്റ്; കത്ത് രചനാ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

 

 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് 'ബിയോണ്ട് ദ സ്‌ക്രീന്‍ എ ലെറ്റര്‍ ടു മൈ ഡിയര്‍ സ്റ്റുഡന്റ്' കത്ത് രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ വിതരണം ചെയ്തു. കുട്ടികളെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയുടെ ആദ്യപടിയായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി സൈബര്‍ ബോധവത്കരണ ക്ലാസും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ഐ.എല്‍.ഡി.എം ഹാളില്‍ നടത്തിയ ബോധവത്കരണ ക്ലാസ് അസിസ്റ്റന്റ് കളക്ടര്‍ എ.സി പ്രീതി ഉദ്ഘാടനം ചെയ്തു.

 

'കുട്ടികളിലെ സൈബര്‍ അപകട സൂചനകള്‍ തിരിച്ചറിയല്‍: അധ്യാപകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശം' എന്ന വിഷയത്തില്‍ തൃശ്ശൂര്‍ സിറ്റി സൈബര്‍ സെല്ലിലെ സബ് ഇന്‍സ്‌പെക്ടര്‍ ടി.ഡി ഫീസ്റ്റോ ക്ലാസ്സ് നയിച്ചു. വിദ്യാര്‍ത്ഥികള്‍ നേരിടാന്‍ സാധ്യതയുള്ള സൈബര്‍ ഭീഷണികളെക്കുറിച്ചും സുരക്ഷിതമായ ഡിജിറ്റല്‍ ഇടപെടലുകളെക്കുറിച്ചും അധ്യാപകര്‍ക്ക് അദ്ദേഹം കൃത്യമായ അവബോധം നല്‍കി.

 

കെ.വി സുനിത (ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്), ഫസീറ റസാഖ് ഹംസ (കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറമനേങ്ങാട്), പി.വി വിജി (മാലതി യുപി സ്‌കൂള്‍, വാക) എന്നിവരാണ് കത്ത് രചനാ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ജില്ലാ വനിതാ ശിശുവികസന വകുപ്പ് മേധാവി പി. മീര ചടങ്ങില്‍ നന്ദി പറഞ്ഞു.

date