ജില്ലയിൽ ശുചീകരണ - പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
തുലാവർഷം ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിൻ്റെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടിട്ടുള്ള ഇരട്ട ചക്രവാതചുഴികളുടെയും പശ്ചാത്തലത്തിൽ, ജില്ലയിൽ ശുചീകരണ - പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (DDMA) അടിയന്തര യോഗത്തിൽ നിർദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ്റെ സാന്നിധ്യത്തിൽ, ഡി.ഡി.എം.എ. ചെയർപേഴ്സണായ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കൊച്ചി നഗരത്തിലെ ഓടകളും കനാലുകളും വൃത്തിയാക്കുന്നുണ്ടെന്നും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ കൊച്ചി നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. നഗരത്തിൽ മുൻവർഷങ്ങളിൽ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് യോഗത്തിൽ നിർദേശം നൽകി.
ക്യാമ്പുകൾക്കായി കണ്ടെത്തിയിട്ടുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി ഒരു ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനുമായി ഒരു ലക്ഷം രൂപകൂടി അനുവദിക്കാൻ യോഗത്തിൽ തീരുമാനമായി.
മുമ്പ് വൃത്തിയാക്കിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്കുതടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ അവ പൂർണ്ണമായി വൃത്തിയാക്കണം. മഴ ശക്തമാകുന്നതോടെ ജില്ലയിൽ വിവിധ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ്തല ജാഗ്രതാ സമിതികൾ സജീവമാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.
താലൂക്കുകളിൽ അതത് തഹസിൽദാർമാർ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും, ടി.ഒ.സി. (താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ), കൺട്രോൾ റൂമുകൾ എന്നിവയുടെ പ്രവർത്തനങ്ങളും 24 മണിക്കൂറും സജീവമാണെന്ന് യോഗം അവലോകനം ചെയ്തു. വരും ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ അറിയിച്ചു.
അറക്കപ്പടിയിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ, ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും എം.സി.എഫുകളും (MCF) മാലിന്യ ശേഖരണ കേന്ദ്രങ്ങളും ഫയർ ഓഡിറ്റിന് വിധേയമാക്കാനും, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡി.ഡി.എം.എ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ് സ്റ്റീഫൻ റോബി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments