Skip to main content

ലഹരിക്കെതിരായ പോരാട്ടത്തിൽ ജനപങ്കാളിത്തം അനിവാര്യം:  മന്ത്രി രമേശ്‌ ചെന്നിത്തല

ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ പോലീസിനൊപ്പം ജനങ്ങളും കൈകോർക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിന്റെ ഭാഗമായി 'ലഹരി വിമുക്ത നാടിനായി കടമക്കുടി കായലിൽ ഒന്നിക്കാം' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലഹരിയുടെ വ്യാപനം തടയാൻ പോലീസിന്റെ മാത്രം ഇടപെടൽ മതിയാകില്ലെന്നും ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെയുള്ള സാമൂഹിക മുന്നേറ്റമാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലേക്കുള്ള ലഹരിയുടെ വ്യാപനം ഗൗരവകരമായ ആശങ്കയാണ്. തുടർച്ചയായ ലഹരി ഉപയോഗം കുട്ടികളുടെ തലച്ചോറിനെയും ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും അവരുടെ ഭാവി അപകടത്തിലാക്കുകയും ചെയ്യും. വരുംതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ ശക്തമായ ജനകീയ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കടമക്കുടി മേഖലയിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പോലീസ് നിർദേശം  ടോണി ചമ്മിണി എംഎൽഎ യുമായി ആലോചിച്ച് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിക്കുന്ന യുവാക്കളെയും നാട്ടുകാരെയും അഭിനന്ദിച്ച അദ്ദേഹം, നാടിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒരുമിച്ച് മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു.

 പരിപാടിയിൽ  ഹൈബി ഈഡൻ എം പി, എംഎൽഎമാരായ ടോണി ചമ്മിണി, ടി ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ക്ലീറ്റസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ബിജു ചുള്ളിക്കൽ, സീന സജീവ്, ലിസ്സി വാരിയത്ത്, അക്വാലിൻ ലോപ്പസ്, ബെന്നി ബര്‍ണാഡ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date