നിർമലം - പുതുയുഗ ശുചിത്വകേരളം’ ക്യാമ്പയിന് ജില്ലയിൽ തുടക്കം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു
കേരളത്തെ സമ്പൂർണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യസംസ്കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അഞ്ചുവർഷ സമഗ്ര ക്യാമ്പയിനായ ’നിർമലം – പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് ജില്ലയിൽ തുടക്കം. മലപ്പുറം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിസൗന്ദര്യവും പച്ചപ്പുമുള്ള കേരളത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് വലിയ വിപത്താണെന്നും മാലിന്യ സംസ്കരണമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിലും മാലിന്യ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ സാമൂഹിക ഉത്തരവാദിത്തമാണ് പ്രധാനം. മാലിന്യം അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും കഴിയണം. എല്ലാവരും ഈ ഉത്തരവാദിത്തം ഏറ്റെടുത്താൽ മാലിന്യം ഒരു പ്രശ്നമല്ലാതായി മാറുമെന്നും ജനങ്ങളിൽ ഇതിനുള്ള അവബോധം സൃഷ്ടിക്കുന്നതില്‍ ഇത്തരം ക്യാമ്പയിനുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാലിന്യ നിർമാർജനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനങ്ങളുടെ കൂട്ടായ പ്രവർത്തനമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. മാലിന്യത്തെ ഒരു പാഴ്വസ്തുവായി മാത്രം കാണാതെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചാൽ, അതിൽ നിന്ന് മൂല്യമുള്ള പല പുതിയ ഉൽപ്പന്നങ്ങളും നിർമ്മിച്ചെടുക്കാൻ സാധിക്കും. മനുഷ്യരുടെ ആവാസ വ്യവസ്ഥയെയും സാമൂഹിക സഹജീവനത്തെയും ബാധിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം പൂർണ്ണമായും ഒഴിവാക്കണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിൽ മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾ മികച്ച മാതൃകകൾ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൃത്തിയുള്ള പൊതുയിടങ്ങളും ശുദ്ധമായ ജലാശയങ്ങളും ഉറപ്പാക്കുക, മാലിന്യ ഉത്പാദനം കുറച്ച് വിഭവങ്ങൾ വീണ്ടെടുക്കുക, ഉത്തരവാദിത്തമുള്ള മാലിന്യ പരിപാലനം ജനങ്ങളുടെ ജീവിതശൈലിയാക്കി മാറ്റുക എന്നിവയാണ് ക്യാമ്പയിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ. മാലിന്യത്തിന്റെ ഉത്പാദനം മുതൽ അന്തിമപരിപാലനം വരെയുള്ള ഘട്ടങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ നിരീക്ഷിക്കുന്നതിനൊപ്പം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ ഉറപ്പാക്കുകയും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
മാലിന്യം മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 'കൈയോട് കൈ സ്വച്ഛത ഹി സേവ കേരള അവാർഡ്' മന്ത്രി കെ.എം. ഷാജി ചടങ്ങിൽ വിതരണം ചെയ്തു. ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർഥികൾ പാവനാടകം അവതരിപ്പിച്ചു. എം.എൽ.എമാരായ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, പി.കെ. നവാസ്, ടി.പി അഷറഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർ വിനയ് ഗോയൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.കെ.സി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.പി. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി പി.ആര് രോഹില്‍നാഥ്, കോട്ടയ്ക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കെ. സിദ്ദിഖ് ക്യാമ്പയിൻ വിശദീകരിച്ചു. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. വി. റിനിഷ സ്വാഗതവും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എ. ആതിര നന്ദിയും പറഞ്ഞു.
- Log in to post comments