ഭരണനടപടികള്‍ ലളിതമായ ഭാഷയില്‍ ജനങ്ങളിലെത്തണം-ജില്ല കളക്ടര്‍ ' ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നടത്തി
ദൈനംദിന ഭരണനടപടികള്‍ സങ്കീര്‍ണത ഒഴിവാക്കി ലളിതമായ ഭാഷയില്‍ ജനങ്ങളിലെത്തണമെന്ന് ജില്ല കളക്ടര്‍ ഷാജി വി.നായര്‍ പറഞ്ഞു. മലയാള ദിനം ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ അഭിമാനിക്കുമ്പോഴും ഭരണഭാഷയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് കൂടുതല്‍ ജനകീയമാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥ സംവിധാനം ഏറ്റെടുക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകേന്ദ്രവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ മലയാള ഭാഷയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് അധ്യാപകനും, പത്രപ്രവര്‍ത്തകനും ഗാന്ധിയനും പ്രഭാഷകനുമായ ചുനക്കര ജനാര്ദ്ദനന് നായരെ ജില്ല കളക്ടര്‍ ആദരിച്ചു.
ഭരണതലത്തില്‍ പൂര്‍ണമായ രീതിയില്‍ മലയാള ഭാഷ നടപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഭിമാനത്തോടെ അണിചേരണമെന്നു ചുനക്കര അഭിപ്രായപ്പെട്ടു.
ഭരണഭാഷ പ്രഭാഷണം നടത്തിയ ആലപ്പുഴ എസ് ഡി കോളേജ് മലയാള വിഭാഗം അധ്യാപകന് ഡോ. സജിത്ത് ഏവൂരേത്ത് ക്രയവിക്രയ പദങ്ങളില്‍ സംസ്കൃത സ്വാധീനം കുറയ്ക്കണമെന്നും ശുദ്ധ മലയാളം പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു. മലയാള ഭാഷ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മലയാള സിനിമാഗാനശാഖയുടെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു. എ ഡി എം സി പ്രേംജി അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അധ്യാപകനും മുന്‍ ഡിടിപിസി സെക്രട്ടറിയുമായ സി പ്രദീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റര്‍ എം. അമിയ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ റവന്യു ജീവനക്കാരി എ എസ് ഇന്ദുലേഖ വള്ളത്തോള്‍ രചിച്ച 'എന്റെ ഭാഷ' എന്ന കവിത ആലപിച്ചു
- Log in to post comments