Skip to main content

മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയിൽ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘത്തെ തിരികെയെത്തിക്കും

മുറാസു ചുഴലിക്കാറ്റിനെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരാബാദിൽ കുടുങ്ങിയ  ഇടുക്കി സേനാപതിയിലെ മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടുന്ന 91 അംഗ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ഇക്കഴിഞ്ഞ 31 നാണ് സംഘം പഠനയാത്രയ്ക്കായി ട്രെയിൻ മാർഗം സെക്കന്തരാബാദിലേയ്ക്ക് പോയത്. യാത്ര പൂർത്തിയാക്കി നവംബർ മൂന്നിന് ഉച്ചയ്ക്ക് 2.30 നുളള ട്രെയിനിൽ നാട്ടിലേയ്ക്ക് മടങ്ങാനിരുന്നതുമാണ്. താമസസ്ഥലത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കുളള യാത്രാമധ്യേയാണ് മുറാസു ചുഴലിക്കാറ്റിനെതുടർന്നുളള സാഹചര്യം കണക്കിലെടുത്ത് ട്രെയിനുകൾ റദ്ദാക്കിയെന്ന് വിവരം അറിയുന്നത്. തുടർന്ന് സംഘം മുഖ്യമന്ത്രിയുടെ ഓഫീസുമായും  ഉടുമ്പൻചോല എം എൽ എ അഡ്വ സേനാപതി വേണുവുമായും ബന്ധപ്പെട്ടു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണം പഠനയാത്രാസംഘത്തിന്റെ മടക്കയാത്രയും അതുവരെയുളള താമസസൗകര്യവും നോർക്ക റൂട്ട്‌സ് വഴി ലഭ്യമാക്കാൻ നിർദ്ദേശിച്ചത്. നിലവിൽ മുറാസു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെയിൽ-റോഡ് യാത്രയ്ക്ക് പ്രതിസന്ധിയുണ്ട്. പ്രതികൂല സാഹചര്യം മാറുന്ന മുറയ്ക്ക് ഇവരെ റോഡു-റെയിൽ മാർഗം നാട്ടിലെത്തിക്കാനാണ് ശ്രമം. ബംഗലൂരു, ചെന്നൈ എൻ.ആർ.കെ ഡെവലപ്‌മെന്റ് ഓഫീസർമാർ തെലങ്കാനയിലെ മലയാളി അസ്സോസിയേഷനുകളുമായി ചേർന്ന്  സഹകരിച്ചാണ്  സഹായങ്ങൾ ലഭ്യമാക്കിവരുന്നത്.

പി.എൻ.എക്‌സ്. 4630/2026

date