കനാലുകളുടെ നവീകരണത്തിന് ശാസ്ത്രീയ സംവിധാനം വേണം
ആലപ്പുഴയിലെ കനാലുകളിലെ പോള നീക്കം ചെയ്യുന്നതിന് ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. വർഷംതോറും പണം ചെലവഴിച്ച് പോള നീക്കം ചെയ്യുന്നതുകൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ല. വിദഗ്ധരുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ 30 കോടി രൂപയുടെ പദ്ധതിയിലൂടെ പോള നീക്കം ചെയ്യുന്നതിനും ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ ബീച്ചും കനാലുകളും മികച്ച രീതിയിൽ പരിപാലിക്കാൻ സർക്കാരിനൊപ്പം പൊതുജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ മുതൽ കലവൂർ വരെയുള്ള തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് പ്രത്യേക അക്വിസിഷൻ വിംഗ് രൂപീകരിച്ചിട്ടുണ്ട്. രണ്ടു മൂന്ന് വർഷത്തിനകം തീരദേശ പാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വേമ്പനാട്ട് കായലിലെ ഹൗസ്ബോട്ടിൽ പി.എ.സി യോഗം ചേർന്നത് പാർലമെന്ററി സമിതിയുടെ ചരിത്രത്തിലെ സവിശേഷമായ അനുഭവമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട ഓഡിറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നടന്ന യോഗത്തിൽ അംഗങ്ങൾ വലിയ താൽപര്യത്തോടെയാണ് പങ്കെടുത്തത്. ഇത്തരം ദേശീയതല യോഗങ്ങൾ ആലപ്പുഴയിൽ കൂടുതൽ സംഘടിപ്പിക്കുന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ കളക്ടർ ഷാജി വി നായർ, ജില്ലാ പോലീസ് സൂപ്രണ്ട് ജെ കെ വിഷ്ണുപ്രദീപ്, എ ഡി എം സി പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments