Skip to main content

ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഇന്ന് (നവംബര്‍ 7) സീതക്കളി അരങ്ങില്‍

ആശ്രാമം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തെ സജീവമായ കലാ-സാംസ്‌കാരിക വേദിയായി നിലനിര്‍ത്തുന്നതിനായുള്ള  തുടര്‍പരിപാടികളുടെ ഭാഗമായി ഇന്ന് (നവംബര്‍ 7) കേരളത്തിന്റെ തനത് നാടന്‍കലാരൂപങ്ങളിലൊന്നായ സീതക്കളി അവതരിപ്പിക്കും. സമുച്ചയത്തിലെ 'മംഗനിയാര്‍ സെഡക്ഷന്‍ സ്‌ക്വയറില്‍' വൈകിട്ട് 6.30നാണ് പരിപാടി. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ എല്ലാ മാസവും വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പരിപാടി അരങ്ങേറുന്നത്. കേരള ഫോക്ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ ഏകോപനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൊല്ലത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ വേരൂന്നിയ സീതക്കളി, രാമായണകഥയെ ആസ്പദമാക്കി രൂപംകൊണ്ട പരമ്പരാഗത നാടന്‍ കലാരൂപമാണ്. പാട്ട്, നൃത്തം, അഭിനയാവിഷ്‌കാരം എന്നിവ സമന്വയിപ്പിച്ചുള്ള ഈ കലാരൂപത്തില്‍ സീതയുടെ ജീവിതവും രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങളും അരങ്ങിലെത്തുന്നു. പ്രാദേശിക കലാപാരമ്പര്യത്തിന്റെയും ജനകീയ കലാസംസ്‌കാരത്തിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന സീതക്കളി പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും പൈതൃക കലാരൂപങ്ങളുടെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ടുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ എല്ലാ മാസവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംഗീതധാരകളെ ഒരേ വേദിയിലെത്തിച്ച അഞ്ചുദിവസത്തെ 'അഷ്ടമുടി വാട്ടര്‍ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലും' തുടര്‍ന്ന്  പടയണി അവതരണവും നടന്നിരുന്നു. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് തുടര്‍ച്ചയായി വേദിയൊരുക്കുക, കലാകാര•ാര്‍ക്കും കലാസ്വാദകര്‍ക്കും ഒത്തുചേരാനുള്ള സജീവ ഇടമായി സമുച്ചയത്തെ മാറ്റുക എന്നിവയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
 

date