*സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കണം: മന്ത്രി ഒ.ജെ. ജനീഷ്* *പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം നിർവ്വഹിച്ചു*
സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ജനപ്രതിനിധികളേക്കാൾ പ്രധാന പങ്ക് വഹിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫീസുകളിൽ എത്തുന്ന ജനങ്ങൾക്ക് പരമാവധി ഉപകാരപ്രദമായ രീതിയിൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ നയം. വില്ലേജ് ഓഫീസുകളിലെത്തുന്ന സാധാരണക്കാർക്ക് പ്രയാസങ്ങളോ അനാവശ്യ തടസ്സങ്ങളോ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ ചെയ്തുനൽകുന്ന സമീപനമാണ് വേണ്ടതെന്നും, ഇതിനായി മുൻകൈയെടുത്ത് പ്രവർത്തിക്കാൻ വില്ലേജ് ഓഫീസർമാരും ജീവനക്കാരും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരും സന്നദ്ധരാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന് മന്ത്രി പറഞ്ഞു. ജി.ടി.ഐ.എസ്. മഞ്ചേരി എന്ന സ്ഥാപനമാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. അടുത്ത വർഷം ഇതേ സമയത്തിനകം നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ കഴിയുന്നതരത്തിൽ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ എല്ലാവരും ഒത്തൊരുമയോടെ ഒരു ടീമായി പ്രവർത്തിക്കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തുകൾ ഫണ്ട് വിനിയോഗിക്കുമ്പോൾ മുൻഗണനാക്രമം (പ്രയോറിറ്റി) നിശ്ചയിച്ച് പ്രധാന പദ്ധതികൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാൻ സാധിക്കണം. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ മേഖല തുടങ്ങി ഏത് പശ്ചാത്തല സൗകര്യ വികസന പദ്ധതികൾക്കും ഇത്തരം മുൻഗണനാക്രമം ഏറെ സഹായകരമാകും. പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെയും എം.എൽ.എ.യുടെയും പൂർണ്ണ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
മുകുന്ദപുരം താലൂക്കിലെ പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം മുൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2016-17, 2022-23 വർഷങ്ങളിലായി 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ബെന്നി ബെഹനാൻ എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. രാജേഷ് മുഖ്യാതിഥിയായി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷക്കീല ടീച്ചർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജിത് ലാൽ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ അബ്ദുൾ മജീദ് സി.എം, ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments