Skip to main content

കായിക നിയമങ്ങളിൽ സമഗ്രമാറ്റം; പുതിയ ബിൽ ‘അത്‌ലറ്റ്‌ സെൻട്രിക്’:  മന്ത്രി ഒ. ജെ. ജനീഷ്

*സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ക്യാഷ് അവാർഡ് വിതരണം ചെയ്തു

*കായിക താരങ്ങളെ  അനുമോദിച്ചു

           സംസ്ഥാനത്തെ കായിക മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിലവിലുള്ള കായിക നിയമങ്ങൾ പൊളിച്ചെഴുതി പുതിയ ‘അത്‌ലറ്റ്‌ സെൻട്രിക്' സ്‌പോർട്‌സ് ബിൽ കൊണ്ടുവരുമെന്ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്. സ്‌പോർട്‌സ് കൗൺസിലും സ്‌പോർട്‌സ് ഡയറക്ടറേറ്റും വെവ്വേറെ സംവിധാനങ്ങളായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഏകോപന പോരായ്മകൾ പരിഹരിച്ച് കായിക രംഗത്തെ കൂടുതൽ പ്രൊഫഷണലൈസ് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2019-20 വർഷത്തിൽ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്കുള്ള കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ക്യാഷ് അവാർഡ് വിതരണവും അനുമോദന ചടങ്ങും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

            പാരലിമ്പിക്സിൽ ഉൾപ്പെടെ പങ്കെടുക്കുന്ന  കായികതാരങ്ങളെയും ജനറൽ വിഭാഗത്തിനൊപ്പം തുല്യമായി പരിഗണിച്ച് സാമ്പത്തിക പാരിതോഷികങ്ങൾ നൽകും. കായികതാരങ്ങൾക്കുള്ള പരിശീലന തുകയും യാത്രാ സഹായവും വർധിപ്പിക്കുന്നതിനുള്ള പുതിയ പ്രൊപ്പോസലുകൾ തയ്യാറാക്കിവരികയാണെന്നും കഴിഞ്ഞ ഏഴ് വർഷത്തോളമായി കൊടുക്കാൻ ബാക്കിവെച്ചിരുന്ന കുടിശ്ശിക പാരിതോഷികങ്ങൾ കൊടുത്തുതീർക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ കായിക ബിൽ അവതരിപ്പിച്ച് പാസാക്കുന്നതിന് നവംബർ 30നോ ഡിസംബർ ആദ്യ വാരത്തിലോ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ആലോചിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

            ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിൽ മെഡലുകൾ നേടിയ കായിക താരങ്ങളെ  ചടങ്ങിൽ ആദരിച്ച് മന്ത്രി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പാരാഅത്‌ലറ്റിക്‌സ് താരം മുഹമ്മദ് ബാസിൽ, പാരാബാഡ്മിന്റൻ താരം ആൽഫിയ ജെയിംസ്, ചെസ് താരം കല്യാണി സിരിൻ എന്നിവർ പ്രത്യേക   ആദരവേറ്റുവാങ്ങി.

           പണ്ട് വോളിബോളിലും ഫുട്‌ബോളിലും മികച്ച ടീമുകൾ ഉണ്ടായിരുന്ന കെഎസ്ആർടിസിയിൽ വീണ്ടും സ്‌പോർട്‌സ് ടീമുകൾ പുന:സംഘടിപ്പിച്ച്  കായികരംഗത്തെ പ്രതാപം വീണ്ടെടുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു.

           വാർഡ് കൗൺസിലർ ആർ. ഹരികുമാർ, കായിക യുവജനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അഖിൽ. വി. മേനോൻ, അഡീ. ഡയറക്ടർ ഡോ. സി.എസ് പ്രദീപ്., അസിസ്റ്റന്റ് സെക്രട്ടറി ബിന്ദുമോൾ തോമസ്, ടെക്‌നിക്കൽ ഓഫീസർ ഡോ. സി.വി ബിജിലാൽ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4763/2026

date