Skip to main content
അഞ്ച് കുടുംബങ്ങൾക്ക് വീടൊരുക്കി പയ്യന്നൂർ കോളേജ് എൻഎസ്എസ്

അഞ്ച് കുടുംബങ്ങൾക്ക് വീടൊരുക്കി പയ്യന്നൂർ കോളേജ് എൻഎസ്എസ്

 

താക്കോൽദാനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു

ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് പയ്യന്നൂർ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചുനൽകി. പൂർത്തീകരിച്ച വീടുകളുടെ ഉദ്ഘാടനവും താക്കോൽദാനവും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സംവിധാനങ്ങളിൽ ആവശ്യമായ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ പ്രവേശനം കുറവുള്ള കോഴ്‌സുകൾ പുനഃസംഘടിപ്പിക്കും. കോളേജുകളുടെ ആവശ്യങ്ങൾക്കനുസരിച്ച പുതിയ കോഴ്സുകൾക്ക് അപേക്ഷ നൽകാമെന്നും   ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലാലയജീവിതം വ്യക്തിത്വ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന കാലഘട്ടമാണെന്നും പാഠപുസ്തകങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിൽ എൻഎസ്എസ് പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂർ കോളേജ് എൻഎസ്എസ് യൂണിറ്റ് 95 വളന്റിയർമാർ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് എടക്കോത്താണ് വീടുകൾ നിർമിച്ചത്. എടക്കോത്തെ ടോമി മൈക്കലും ഇരിട്ടിയിലെ ടോം ഫ്രാൻസിസും  സൗജന്യമായി നൽകിയ സ്ഥലത്താണ് ഷാരോൺ മാത്യു, കെ കെ ചിത്ര, എ എം റസീന, ഒ കെ സുരേഷ്, പി ജി ഷൈല എന്നിവർക്കായി വീടുകൾ ഒരുക്കിയത്.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വിവിധ സ്ഥലങ്ങളിൽനിന്നുമെത്തി എടക്കോത്തെ വാടക വീടുകളിൽ താമസിച്ചു വരികയായിരുന്നു ഈ കുടുംബങ്ങൾ.

പ്രോഗ്രാം ഓഫീസർ ഡോ. ടി.കെ. ജയരാജിന്റെ നേതൃത്വത്തിൽ സമ്മാനക്കൂപ്പണുകൾ, അച്ചാർ ചലഞ്ച് തുടങ്ങിയവയിലൂടെ എൻഎസ്എസ് വളന്റിയർമാർ വീട് നിർമ്മാണത്തിനുള്ള തുക സമാഹരിച്ചു. ഓരോ വീടിനും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നാല് ലക്ഷം രൂപ വീതം നൽകി.
പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് തേജ് രാജ് മല്ലർ അധ്യക്ഷനായി. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ കെ കെ സാജു, എൻ എസ് എസ് റീജിയണൽ  ഡയറക്ടർ ഡോ. വൈ എം ഉപ്പിൻ, എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ഡോ. വി മനു എന്നിവർ വിശിഷ്ടാതിഥികളായി.
പ്രോഗ്രാം ഓഫീസർ ഡോ. ടി.കെ. ജയരാജ് പദ്ധതി വിശദീകരിച്ചു. ബോട്ടണി വിഭാഗത്തിലെ വിദ്യാർഥികൾ തയ്യാറാക്കിയ മഷ്റൂം മെറി പ്രോജക്ട് റിപ്പോർട്ട് വകുപ്പ് മേധാവി ഡോ. ദീപ മോൾ മന്ത്രിക്ക് കൈമാറി.

പരിപാടിയിൽ പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ ഡോ. വി എം സന്തോഷ്‌, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ടി അമ്പു, കണ്ണൂർ യൂണിവേഴ്‌സിറ്റി ഡി എസ് എസ് ഡോ. പി വി ജിഷ, ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ. വി പ്രകാശ്, പി ടി എ വൈസ് പ്രസിഡൻ്റ് വി സനന്ദ്കുമാർ, യൂണിയൻ ചെയർമാൻ ഹരിഗോവിന്ദ്, എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി ആര്യൻ രാജു തുടങ്ങിയവർ പങ്കെടുത്തു.

date