ഓപ്പറേഷൻ പൈതൽ: മൂന്ന് മത്സ്യബന്ധന യാനങ്ങൾ പിടികൂടി; 5.5 ലക്ഷം രൂപ പിഴ ഈടാക്കി
ഫിഷറീസ് വകുപ്പിന്റെ 'ഓപ്പറേഷൻ പൈതൽ' പദ്ധതിയുടെ ഭാഗമായി ബേപ്പൂർ, പുതിയാപ്പ ഹാർബറുകളിൽ നടത്തിയ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ട്രോളർ ബോട്ടുകളും ഒരു ഇൻബോർഡ് വള്ളവും പിടികൂടി. നിയമ നടപടികൾക്കുശേഷം ആകെ 5.5 ലക്ഷം രൂപ പിഴ ഈടാക്കി. നവംബർ 18 ന് ബേപ്പൂർ ഹാർബറിൽ ഭക്ഷ്യയോഗ്യമല്ലാത്തതും നിയമാനുസൃത വലിപ്പമില്ലാത്തതുമായ മത്സ്യങ്ങളെ പിടിച്ചതിനും നിരോധിത വലകൾ സൂക്ഷിച്ചതിനുമാണ് രണ്ട് ട്രോളർ ബോട്ടുകൾ പിടികൂടിയത്. നവംബർ 19 ന് പുതിയാപ്പ ഹാർബറിൽ ജീവൻരക്ഷാ ഉപകരണങ്ങളില്ലാതെയും ഉയർന്ന വോൾട്ടിലുള്ള ലൈറ്റുകൾ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ ഒരു ഇൻബോർഡ് വള്ളവും പിടികൂടി. രണ്ട് ബോട്ടുകൾക്കും 2.5 ലക്ഷം രൂപ വീതവും വള്ളത്തിന് 50,000 രൂപയുമാണ് പിഴ ചുമത്തിയത്.
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഓഫീസർ അനുരാഗ്, മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറി ഗാർഡ് മനു തോമസ്, റെസ്ക്യൂ ഗാർഡ് താജുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് ബേപ്പൂർ ഹാർബറിൽ ബോട്ടുകൾ പിടികൂടിയത്. പുതിയാപ്പ ഹാർബറിൽ വടകര മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.കെ. ആതിര, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സന്ധ്യ, മറൈൻ എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് രാജേഷ്, ഫിഷറി ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, നിധീഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അശാസ്ത്രീയ മത്സ്യബന്ധന രീതികളും നിയമവിരുദ്ധ വലകളുടെ ഉപയോഗവും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഹാർബറുകളിലും കടലിലും പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
- Log in to post comments