Skip to main content

ഇംഗ്ലീഷ് പഠനം കൂടുതൽ വിദ്യാലയങ്ങളിലേക്ക്; 'ഇലപ്പ് ട്വിന്നിങ്' പദ്ധതിയുമായി ഡയറ്റ്

 

മലയാളം മീഡിയം വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാശേഷിയും ആശയവിനിമയ മികവും വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം (ഇഎൽഇപി) കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഡയറ്റ് കോഴിക്കോട്. പദ്ധതി നിലവിലുള്ള വിദ്യാലയങ്ങളുമായി മറ്റ് യു.പി. സ്കൂളുകളെ ബന്ധിപ്പിച്ച് 'ട്വിന്നിങ് സംവിധാനം' ഒരുക്കുകയാണ് ഡയറ്റിലെ ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് (ഡി.സി.ഇ).

നിലവിൽ ഓരോ ഉപജില്ലയിലും വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഒരു വിദ്യാലയത്തിൽ മാത്രമാണ് ഇലപ്പ് നടപ്പാക്കുന്നത്. എന്നാൽ അധിക സാമ്പത്തിക ബാധ്യതയില്ലാതെ കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കുകയാണ് ട്വിന്നിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി താൽപര്യമുള്ള യു.പി. സ്കൂളുകളിലെ ഇംഗ്ലീഷ് അധ്യാപകർ ഇലപ്പ് വിദ്യാലയങ്ങൾ സന്ദർശിച്ച് ഏകദിന പ്രായോഗിക പരിശീലനത്തിൽ പങ്കെടുക്കും. ക്ലാസ് മുറി പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാനും വിദ്യാർത്ഥികളുമായി സംവദിച്ച് അവരുടെ ഭാഷാ ആർജനം വിലയിരുത്താനും അധ്യാപകർക്ക് അവസരമുണ്ടാകും. നോഡൽ-റിസോഴ്സ് അധ്യാപകരുടെ മാതൃകാ ക്ലാസുകളിലൂടെ മൊഡ്യൂൾ പരിചയപ്പെടുന്ന അധ്യാപകർ, പരിശീലനത്തിനൊടുവിൽ സ്വന്തം വിദ്യാലയത്തിന് അനുയോജ്യമായ പ്രവർത്തന പദ്ധതിയും തയ്യാറാക്കും.

ഇലപ്പ് വിദ്യാലയങ്ങളെ ഉപജില്ലാതല റിസോഴ്സ് കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ സ്കൂളുകൾ തമ്മിലുള്ള പരസ്പര പഠന കൂട്ടായ്മ ശക്തിപ്പെടും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം പൊതുവിദ്യാലയങ്ങളിലുള്ള രക്ഷിതാക്കളുടെ വിശ്വാസം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.

date