Skip to main content

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്രമകേന്ദ്രം ഒരുക്കി തൊടുപുഴ നഗരസഭ

തൊടുപുഴയിലൂടെ കടന്നുപോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ വിശ്രമകേന്ദ്രം സജ്ജമാക്കി. നഗരസഭാ ഓഫീസിന് സമീപം ഒരുക്കിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ നിര്‍വഹിച്ചു.

തീര്‍ത്ഥാടകര്‍ക്കായി കുടിവെള്ളം, ഫാന്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് യൂണിറ്റ്, അടിയന്തര മെഡിക്കല്‍ സഹായം, നഗരസഭയുടെ ആംബുലന്‍സ് സേവനം എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിശ്രമകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്സ് സഹായവും ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. സമീപത്തെ നഗരസഭാ ടോയ്ലറ്റ് ഉപയോഗിക്കാനും നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്.

തീര്‍ത്ഥാടകര്‍ക്കായി SARAN ആപ്പിന്റെ ക്യു.ആര്‍. കോഡും വിശ്രമകേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടന പാതകളിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ആറ് ഭാഷകളില്‍ ആപ്പിലൂടെ ലഭിക്കും.

ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ദീപക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. സുധാകരന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാഹുല്‍ ഹമീദ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സുബൈദ സേതു മുഹമ്മദ്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ മേഴ്‌സി സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ-കലാ-കായികകാര്യ സ്ഥിരംസമിതി അധ്യക്ഷ റംസിയ നിയാസ്, തൊടുപുഴ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മനേഷ് പൗലോസ്, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജയറാം ടി.കെ., തൊടുപുഴ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദീപ, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വിവിധ ക്ഷേത്ര ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date