'ഓർമ്മകളിൽ നിന്ന് നാളെയിലേക്ക്'; കൊയിലാണ്ടി നഗരസഭയുടെ പ്രദർശന സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു
കൊയിലാണ്ടി @ 2040 വിഷൻ കോൺക്ലേവിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ഒരുക്കിയ പ്രദർശന സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. നഗരത്തിന്റെ ചരിത്രവും പൈതൃകവും വികസന കാഴ്ചപ്പാടുകളും ശുചിത്വ പ്രവർത്തനങ്ങളും കോർത്തിണക്കിയുള്ള പ്രദർശനം 'ഓർമ്മകളിൽ നിന്ന് നാളെയിലേക്ക്' എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്. പഴയകാല കൊയിലാണ്ടിയുടെ ഓർമകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം നഗരത്തിന്റെ ഭാവി വികസനത്തിനായുള്ള പദ്ധതികളും ആശയങ്ങളും സ്റ്റാളുകളിലൂടെ അവതരിപ്പിക്കുന്നു.
നഗരസഭയുടെ പൈതൃക മ്യൂസിയത്തിൽ നിന്നുള്ള പഴയകാല വസ്തുക്കളാണ് ‘പൈതൃക കൊയിലാണ്ടി’ സ്റ്റാളിലെ പ്രധാന ആകർഷണം. മലബാർ ഹുക്കയും പായ്ക്കപ്പലിന്റെ മാതൃകയും കൊയിലാണ്ടിയുടെ പഴയകാല ജീവിതരീതികളുടെയും സമുദ്രവ്യാപാര പാരമ്പര്യത്തിന്റെയും ഓർമകളിലേക്കും സന്ദർശകരെ നയിക്കുന്നു. പന്തലായനിയുടെ പരമ്പരാഗത കൈത്തറി പാരമ്പര്യം പരിചയപ്പെടുത്തുന്ന തറിയുടെ മിനിയേച്ചർ മാതൃകയും പ്രദർശനത്തിലുണ്ട്. നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും ഓർമകളും പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്നതിനും 2040-ലെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനും സ്റ്റാളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
നഗരസഭയുടെ ആരോഗ്യവിഭാഗം ഒരുക്കിയ സ്റ്റാളിൽ ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിക്കേണ്ടതിന്റെ ആവശ്യകത, നാല് ബിൻ സംവിധാനം, ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026-ലെ നിർദേശങ്ങൾ എന്നിവ പസിൽ, പാമ്പും കോണിയും തുടങ്ങിയ കളികളിലൂടെ ലളിതമായി പരിചയപ്പെടുത്തുന്നു.
നഗരത്തെ ശുചിത്വമുള്ളതും സുസ്ഥിരവുമായ ഇടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ‘സ്മാർട്ട് കൊയിലാണ്ടി’ പദ്ധതിയും സ്റ്റാളിൽ പരിചയപ്പെടുത്തുന്നുണ്ട്. 2029 നവംബർ ഒന്നിനകം കൊയിലാണ്ടിയെ മികച്ച ശുചിത്വ നഗരങ്ങളിലൊന്നാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡുതല ക്ലസ്റ്റർ കമ്മിറ്റികൾ, ഹരിതകർമസേനയുടെ സേവനം, ഉറവിട മാലിന്യസംസ്കരണം, ഹരിതപാതകൾ, ക്ലീൻ സൺഡേ തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്.
നഗരത്തിന്റെ ചരിത്രവും പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ഭാവി വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും ശുചിത്വബോധം വളർത്താനും ലക്ഷ്യമിടുന്ന നഗരസഭയുടെ പ്രവർത്തനങ്ങളാണ് പ്രദർശനത്തിലൂടെ ശ്രദ്ധേയമാകുന്നത്.
- Log in to post comments