Skip to main content

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പുതിയ ഒ.പി ബ്ലോക്കും റേഡിയോളജി-ലബോറട്ടറി കോംപ്ലക്‌സും 83.95 കോടി രൂപയുടെ പദ്ധതി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ 83.95 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്ലിനിക്കല്‍ ആന്‍ഡ് ഒ.പി ബ്ലോക്കിന്റെയും റേഡിയോളജി-ലബോറട്ടറി കോംപ്ലക്‌സിന്റെയും നിര്‍ദിഷ്ട സ്ഥലങ്ങള്‍ അഡ്വ.എം. റഹ്‌മത്തുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) അംഗങ്ങളും സന്ദര്‍ശിച്ചു. രണ്ട് പദ്ധതികളുടെയും നിര്‍മാണത്തിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. ഭരണാനുമതി ലഭിച്ച പദ്ധതികള്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
55.03 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്ലിനിക്കല്‍ ആന്‍ഡ് ഒ.പി ബ്ലോക്ക് ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ ഏഴ് നിലകളിലായാണ് ഒരുങ്ങുക. പഴയ ഡി.എം.ഒ ഓഫീസ്, വര്‍ക്ക്ഷോപ്പ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുക. ഓരോ നിലയിലും വിവിധ ചികിത്സാ വിഭാഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. വാഹന പാര്‍ക്കിങ്ങിനും പ്രത്യേക സംവിധാനമുണ്ടാകും.
28.92 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റേഡിയോളജി - ലബോറട്ടറി കോംപ്ലക്‌സ് അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഒരുക്കുക. ആധുനിക റേഡിയോളജി പരിശോധനകള്‍ക്കും ലബോറട്ടറി സേവനങ്ങള്‍ക്കുമുള്ള സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുക. രണ്ട് കെട്ടിടങ്ങളും യാഥാര്‍ഥ്യമാകുന്നതോടെ ആശുപത്രിയില്‍ മികച്ച ചികിത്സാ-പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാകും. യു.ഡി.എഫ് സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എം. റഹ്‌മത്തുല്ല എം.എല്‍.എ പറഞ്ഞു. നിര്‍മാണം ആരംഭിക്കുന്നതിനുള്ള സാങ്കേതികാനുമതി നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക അനുമതി ലഭ്യമാക്കുന്നതു ഉള്‍പ്പെടെയുള്ള നടപടികള്‍ മുതല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് വരെ കൃത്യമായ അവലോകനം നടത്തി സമയബന്ധിതമായി പദ്ധതി യാഥാര്‍ത്യമാക്കാനാണ് തീരുമാനം. മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐ സ്‌കാനിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും എം.എല്‍.എ അറിയിച്ചു. കെ.എസ്.ഇ.ബിക്ക് നല്‍കാനുളള കുടിശിക തീര്‍ത്ത് വൈദ്യുതി പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം. യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. നഗരസഭാ ചെയര്‍പേഴ്സന്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, എച്ച്.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി ഫിറോസ്, വല്ലാഞ്ചിറ മുഹമ്മദലി, ഹനീഫ മേച്ചേരി, എന്‍.ബിജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ് ഷീന, ഡെപ്യൂട്ടി സൂപ്രന്റ് ഡോ.എന്‍. അബൂബക്കര്‍, എ.ഒ മിനി പ്രതാപ്, ലെ സെക്രട്ടറി എ.പി മുജീബ് റഹ്‌മാന്‍, കെ.കെ.ബി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു
 

date