സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വണ്ടാഴി ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ഹോമിയോ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 'കുട്ടികളുടെ പോഷകാഹാരവും പ്രതിരോധശേഷി വര്‍ധിപ്പിക്കലും' വിഷയത്തില്‍ വണ്ടാഴി എ.പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. കറ്റിയൂഷ ക്ലാസെടുത്തു. കുട്ടികളുടെ വളര്‍ച്ച ഘട്ടത്തില്‍ സമീകൃതാഹാരം നല്കുന്ന പ്രാധാന്യം, ജങ്ക് ഫുഡുകളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കി പ്രാദേശികമായി ലഭിക്കുന്ന പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത, ശരിയായ ഉറക്കം, വ്യക്തിശുചിത്വം, വ്യായാമം തുടങ്ങിയ ദൈനംദിന ശീലങ്ങളിലൂടെ സ്വാഭാവിക രോഗപ്രതിരോധശേഷി നിലനിര്‍ത്തേണ്ട രീതികളും ക്ലാസില്‍ പരിചയപ്പെടുത്തി. മുപ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പിന്റെ ഭാഗമായി.
പരിപാടിയില്‍ വണ്ടാഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് സി.വേലുക്കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ ഷീജ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍.എം രാധാകൃഷ്ണന്, ചെല്ലുപടി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിന്ധു, പിടിഎ പ്രസിഡന്റ് മിനി, കാവശ്ശേരി എപിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. റിഷ അഗസ്റ്റിന് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments