മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തിന് മാതൃകയായി തുവ്വൂര്‍ പഞ്ചായത്ത് എസിസി സിമന്റിലേക്കുള്ള രണ്ടാമത് ലോഡ് കയറ്റിയയച്ചു
മാലിന്യ സംസ്‌കരണത്തിന് രാജ്യത്തിന് മാതൃകയായി തുവ്വൂര്‍ പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനൊപ്പം 15 പേര്‍ക്ക് തൊഴില്‍ നല്‍കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ചെരുപ്പ്, ബാഗ്, തെര്‍മോകോള്‍ തുടങ്ങി പാഴ്വസ്തു കച്ചവടക്കാര്‍ ഏറ്റെടുക്കാത്ത മാലിന്യങ്ങളടക്കം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നുണ്ട്. ഇത്തരം മാലിന്യങ്ങള്‍ എസിസി സിമന്റ് കമ്പനിക്കാണ് നല്‍കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പഞ്ചായത്ത് മാലിന്യ സംസ്‌കരണത്തിന് ഇത്തരം വിപുലമായ മാര്‍ഗം സ്വീകരിക്കുന്നത്. സിമന്റ് നിര്‍മാണത്തിന് ഇന്ധനമായിട്ടാണ് കമ്പിനി മാലിന്യങ്ങള്‍ ഉപയോഗിക്കുന്നത്. ഇതുവരെ രണ്ട് ലോഡുകളാണ് എസിസി കമ്പിനിക്ക് പഞ്ചായത്ത് നല്‍കിയത്. ഇന്നലെയായിരുന്നു രണ്ടാമത്തെ ലോഡ് കയറ്റിയയച്ചത്.
2018 ജനുവരിയിലാണ് 'ഗ്രാമജ്യോതി' യെന്ന പേരില്‍ മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്ത് പദ്ധതിയാരംഭിച്ചത്. പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹാരം കാണാനായിട്ടുണ്ടെന്നും പകര്‍ച്ച വ്യാധികള്‍ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ടി ബാലകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. വീടുകളില്‍ നിന്ന് രണ്ടര മാസത്തിലൊരിക്കലും കടകളില്‍ നിന്ന് 15 ദിവസത്തിലൊരിക്കലും മാലിന്യം ശേഖരിക്കും. പഞ്ചായത്ത് ഓഫീസിന് സമീപത്തായി സ്ഥാപിച്ച സ്ഥലത്ത് വച്ചാണ് ഇവ സംസ്‌കരിക്കുന്നത്. വീടുകളില്‍ നിന്നും 20 രൂപയും ചെറിയ കടകളില്‍ നിന്ന് 50 രൂപയും വലിയ കടകളില്‍ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്. തരം തിരിച്ച മാലിന്യങ്ങള്‍ പാഴ്വസ്തുകച്ചവടക്കാര്‍ക്ക് വില്‍ക്കും. വീടുകള്‍, കടകള്‍ എന്നിവടങ്ങളില്‍ നിന്നും ഈടാക്കുന്ന ഫീസും വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് പ്രധാനമായും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. തികയാതെ വരുന്ന തുക പഞ്ചായത്തും നല്‍കും.
മാലിന്യം തരംതിരിക്കുന്നതിന് ഗ്രാമജ്യോതി വളണ്ടിയര്‍മാരെ കൂടാതെ തൊഴിലുറപ്പുതൊഴിലാളികള്‍, ക്ലബ്ബുകള്‍, ആശാവര്‍ക്കര്‍മാര്‍,എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, മറ്റുസംഘടനകള്‍ എന്നിവര്‍ വര്‍ഷത്തില്‍ ഒരുദിവസം സന്നദ്ധസേവനവും നല്‍കുന്നുണ്ട്. ഇത് പൊതുജനങ്ങളെ ഇതിന്റെ ഭാഗമാക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജന സാക്ഷരത എന്ന പൊതുബോധം ഉണ്ടാക്കുന്നതിനും സഹായകമാകുന്നു. തരംതിരിച്ച മാലിന്യങ്ങളുടെ ഓരോ ഇനങ്ങളുടെയും വിലവിവരം കാണിക്കുന്ന ബോര്‍ഡ് മാലിന്യകേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അമ്പതിലധികം പഞ്ചായത്തുകള്‍, സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി നിരവധിപേര്‍ തുവ്വൂര്‍ മാതൃക കാണാന്‍ നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ട്. പ്ലാസ്റ്റ് മുക്ത പഞ്ചായത്താക്കി തുവ്വൂരിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
- Log in to post comments