Skip to main content

വന്യമൃഗശല്യം നഷ്ടപരിഹാരമായി നല്‍കിയത് 1.65 കോടി

 

 

വന്യജീവിശല്യം മൂലമുള്ള നാശത്തിന് സൗത്ത് വയനാട് വനം ഡിവിഷന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരമായി നല്‍കിയത് 165.574 രൂപ. 2,481 അപേക്ഷകളിന്മേലാണ് നടപടി. ഈ വര്‍ഷം ഇതുവരെ 65 ലക്ഷം രൂപയാണ് നല്‍കിയത്. നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കിയത് വന്യജീവി ശല്യത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവും. 1980ലെ കേരള റൂള്‍സ് ഫോര്‍ പേയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് 2018 ആഗസ്റ്റ് 13നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇതുപ്രകാരം വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ അവകാശികള്‍ക്ക് 10 ലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് അഞ്ചുലക്ഷമായിരുന്നു. പരിക്കേല്‍ക്കുന്നവര്‍ക്ക് സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ഒരുലക്ഷം രൂപവരെ ചികില്‍സാ ചെലവ് ലഭിക്കും. പട്ടികവര്‍ഗക്കാര്‍ക്ക് ചെലവാകുന്ന മുഴുവന്‍ തുകയും ലഭ്യമാവും. 

സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലുള്ള നഷ്ടപരിഹാരം 75,000 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് ജീവഹാനി സംഭവിച്ചാലും അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് ഒരുലക്ഷം രൂപയായിരുന്നു. വീടുകള്‍, കൃഷി, കന്നുകാലികള്‍ എന്നിവയ്ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ക്കും ആനുപാതികമായി നഷ്ടപരിഹാരം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ നാശനഷ്ടത്തിനും പരമാവധി ഒരുലക്ഷം രൂപ വരെയാണ് ലഭിക്കുക. 75,000 രൂപയില്‍ നിന്നാണ് ഈ വര്‍ധന. 

വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്ന വ്യക്തി വന്യജീവി സംരക്ഷണ നിയമം, കേരള വനം നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹനല്ല. എന്നിരുന്നാലും സ്ഥിരം കുറ്റവാളികള്‍ അല്ലാത്ത വനം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍ വനം കുറ്റകൃത്യത്തിനിടയില്‍ അല്ലാതെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം നഷ്ടപരിഹാരം ലഭിക്കും. 

 

date