നഗരത്തെ വര്‍ണ്ണാഭമാക്കി സാംസ്കാരിക ഘോഷയാത്ര
സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര നഗരത്തെ വര്‍ണ്ണാഭമാക്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, തൃശൂര്‍ കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത്, ഇതര വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഘോഷയാത്ര കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, അഡ്വ. കെ രാജന്, അഡ്വ. വി ആര് സുനില്‍കുമാര്‍,മേയര്‍ അജിത വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് എന്നിവര്‍ ഘോഷയാത്രയക്ക് നേതൃത്വം നല്കി. സ്പോര്‍ട്സ് കൗണ്‍സില്‍, മൃഗസംരക്ഷണം, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങി 11 വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ആയിരങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. സ്പോര്‍ട്സ് കൗണ്‍സിലെ സ്കേറ്റര്‍മാര്‍ ഘോഷയാത്രയ്ക്കു മുന്നില്‍ പ്രകടനമായി നിരന്നു. പൂരത്തെ ഓര്‍മ്മിപ്പിച്ച് വര്ണ്ണകുടങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. വൈകീട്ട് 4.30 ന് തേക്കിന്‍കാട് മൈതാനത്തെ നായ്ക്കനാല്‍ പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര 5.30 ന് വിദ്യാര്‍ത്ഥി കോര്‍ണറില്‍ അവസാനിച്ചു.
- Log in to post comments