ഗ്രീന്‍ അംബാസിഡര്‍മാര്‍ക്കായി ശില്‍പ്പശാല നടത്തി
സ്കൂളുകളിലെ പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് താമരശേരി ഉപജില്ലയില്‍ ഗ്രീന്‍ അംബാസിഡര്‍മാര്‍ സജ്ജരായി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി സ്കൂളുകളില്‍ നടപ്പാക്കാന്‍ സേവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഉപജില്ലയിലെ ഗ്രീന്‍ അംബാസിഡര്‍ മാര്‍ക്കുള്ള ശില്പശാല താമരശേരി ജിവിഎച്ച്എസ്എസില്‍ നടന്നു.
ഗ്രീന്‍ അംബാസിഡര്‍മാരുടെ നേതൃത്വത്തില്‍ ബുധനാഴ്ച തോറും സ്കൂളുകളില്‍ ഹരിത ദിനമായി ആചരിക്കും. വിവിധ പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്കൂളിലെ ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സ്കൂളുകളില്‍ ഉണ്ടാക്കിയിരിക്കുന്ന മിനി എം.ആര്.എഫില്‍ സൂക്ഷിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്്കരിക്കാനായി കൈമാറും. പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസുകള്‍ ആയി സ്കൂളുകളെ പ്രഖ്യാപിക്കും.
ഗ്രീന്‍ അംബാസിഡര്‍ മാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും താമരശേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് നവാസ് ഈര്‍പ്പോണ നിര്‍വഹിച്ചു. എഇഒ എന്‍ പി മുഹമ്മദ് അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ മുരളി മുഖ്യാതിഥിയായി. എച്ച്എം ഫോറം കണ്‍വീനര്‍ ദിലീപ് കുമാര്‍, ഉഷ പഴവീട്ടില്‍, പിഅബ്ദുല്‍ സലാം, കെ രഹ്ന തുടങ്ങിയവര്‍ സംസാരിച്ചു. ശില്പശാലയ്ക്ക് ഷൗക്കത്ത് അലി എരോത്ത് നേതൃത്വംനല്കി. താമരശേരി ഉപജില്ലയിലെ യുപി, ഹൈസ്കൂളുകളില്‍ നിന്നായി ഓരോ അധ്യാപകരും 276 ഗ്രീന്‍ അംബാസഡര്‍മാരും പങ്കെടുത്തു.
- Log in to post comments