പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍ സഹായകേന്ദ്രം തുറന്നു.
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍ സഹായകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍വഹിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായാണ് സഹായകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സഹായ കേന്ദ്രത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ച് വരെ നേരിട്ടെത്തി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തന രീതിയും വോട്ട് ചെയ്യേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാം.
സ്വീപിന്റെ ജില്ലാ യൂത്ത് ഐക്കണും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ എം.ബി. പ്രണവ് എന്നിവര്‍ മുഖ്യാതിഥികളായി. എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷ്, ആര്.ഡി.ഒ ആര്. രേണു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്, ഇലക്ഷന് ജൂനിയര്‍ സൂപ്രണ്ട് ലളിത് ബാബു, സെക്ഷന്‍ ക്ലാര്‍ക്ക് ടോം, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments