വിദ്യാര്‍ഥിനികള്‍ക്കായി സീതാലയം സെമിനാര്‍ നടത്തി
ഹോമിയോപ്പതി വകുപ്പിന്‍റെ വനിതാ ആരോഗ്യ സംരക്ഷണ പദ്ധതിയായ സീതാലയത്തിന്‍റെ പത്തനംതിട്ട ജില്ലാ യൂണിറ്റ് വിദ്യാര്‍ഥിനികള്‍ക്കായി പന്തളം എന്‍.എസ്.എസ് കോളജില്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ നേരിടുന്ന പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി നടത്തിയ ശില്പശാല പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ റ്റി.കെ. സതി ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണവേദികള്‍ സമൂഹത്തില്‍ ഏറെയുണ്ടെങ്കിലും സ്ത്രീകളും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പന്തളം ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍ പ്രവര്‍ത്തിക്കുന്ന സീതാലയം വളരെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ആത്മഹത്യാ പ്രവണത, വിഷാദരോഗം, പരീക്ഷാഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ഇതുപോലെയുളള സെമിനാര്‍ ഏറെ പ്രയോജനപ്രദമാണെന്നും തുടര്‍ന്നും ഇത്തരം സെമിനാറുകളും ബോധവത്ക്കരണ ക്ലാസുകളും നടത്തണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഗുരുപ്രസാദ് വിശദീകരിച്ചു. സീതാലയം കണ്‍വീനര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍ പദ്ധതി വിശദീകരിച്ചു പന്തളം എന്‍.എസ്.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് ഡോ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബിജി ഡാനിയല്‍, ഡോ. നെബി.പി. മാത്യൂ, വിമന്‍സ് സ്റ്റഡി യൂണിറ്റ് കണ്‍വീനര്‍ ലക്ഷമി ദേവി കുഞ്ഞമ്മ, കാതറിന്‍ മറിയം സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിസന്ധികളെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ സെക്കോളജിസ്റ്റ് ജെയ്സി ഫിലിപ്പ് ക്ലാസ് നയിച്ചു. (പിഎന്‍പി 3382/17)
- Log in to post comments