പെട്രോൾ ആക്രമണങ്ങൾക്കെതിരെ ബോധവത്കരണത്തിന് വനിതാ കമ്മീഷൻ തുടക്കം കുറിക്കും:എം.സി ജോസഫൈൻ
ആലപ്പുഴ:സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അടുത്തിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പെട്രോൾ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ തുടക്കം കുറിക്കുമെന്ന് കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. പെട്രോൾ ഒഴിച്ച് സ്ത്രീകളെ അക്രമിക്കുകയും അതിലൂടെ അവരുടെ ജീവനെടുക്കുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവത്തോടെയാണ് കമ്മീഷൻ ഇത്തരം സംഭവങ്ങളെ കാണുന്നത്.ഇതിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് കമ്മീഷന്റെ ചുമതലയാണ്. ഉടൻ തന്നെ അത്തരത്തിലുള്ള ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുവാനാണ് കമ്മീഷന്റെ തീരുമാനമെന്നും ജോസഫൈൻ പറഞ്ഞു.ആലപ്പുഴയിൽ വനിതാ കമ്മീഷൻ നടത്തിയ മെഗാ ആദാലത്തിൽ പങ്കെടുത്ത ശേഷമായിരുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ 96 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.നിസ്സാര കാര്യങ്ങൾക്ക് പോലും പരസ്പരം പഴിചാരി കുടുംബ ബന്ധം വേർപിരിയുന്ന അവസ്ഥ സൃഷ്ടിക്കുന്ന തരത്തിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഇവയിൽ ഏറെ കൂടുതലെന്ന് അദാലത്തിൽ പങ്കെടുത്തുകൊണ്ട് വനിതാ കമ്മീഷൻ അംഗങ്ങൾ പറഞ്ഞു.ഇത്തരം നിസ്സാര പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിനു പരിഹാരം കാണാനുള്ള ഇടപെടലുകൾ പലപ്പോഴും പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.ഇതാണ് പലപ്പോഴും പ്രശ്നങ്ങളെ സങ്കീർണമാക്കി മാറ്റുന്നതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.ആകെയുള്ള 96 പരാതികളിൽ 11 എണ്ണം അദാലത്തിലൂടെ തീർപ്പാക്കി.6 പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടു. 79 പരാതികൾ അടുത്ത അദാലത്തിലേക്കായി മാറ്റിവെച്ചിട്ടുണ്ട്.ജൂൺ 26 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലാണ് അടുത്ത അദാലത്ത് നടക്കുക.സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ,കമ്മീഷൻ അംഗങ്ങളായ അഡ്വ:എം.എസ് താര,ഷിജി ശിവജി എന്നിവരാണ് പരാതികൾ പരിഗണിച്ചത്.
നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കൺവെൻഷനും
യോഗ ദിനാചരണവും നാളെ
ആലപ്പുഴ: നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് കൺവെൻഷനും യോഗ ദിനാചരണവും ജൂൺ 21 വെള്ളിയാഴ്ച രാവിലെ ഒൻപതിന് ചേർത്തല എസ്. എൻ. കോളേജിൽ നടക്കും. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനംചെയ്യും. രാവിലെ ഒൻപതു മണിക്ക് യോഗാചാര്യൻ ടി.കെ. മണിലാൽ, ഗീത മണിലാൽ എന്നിവർ നയിക്കുന്ന യോഗാക്ലാസ്സ്. തുടർന്ന് യുവജനങ്ങളും മാനസികാരോഗ്യവും എന്നവിഷയത്തിൽ ഹരീന്ദ്രൻ തായങ്കരി നയിക്കുന്ന പ്രത്യേക പ്രഭാഷണം. തുടർന്ന് ദുരന്ത നിവാരണത്തിൽ യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ് നയിക്കും .
- Log in to post comments