ബാങ്കുകൾ നൽകിയത് 12350 കോടി
തൃശ്ശൂർ ജില്ലയിലെ ബാങ്കുകൾ 2019-2020 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം വായ്പയായി നൽകിയതു 12350 കോടി രൂപ. ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ഡോ. സി റെജിൽ അദ്ധ്യക്ഷത വഹിച്ചു. മുൻഗണനാ വിഭാഗത്തിൽ 5980 കോടി രൂപയും കാർഷിക മേഖലയ്ക്ക് വായ്പയായി 2290 കോടി രൂപയും കാർഷികേതര ചെറുകിട വ്യവസായ വായ്പയായി 1324 കോടി രൂപയും അനുവദിച്ചു. ബാങ്കുകളുടെ നിക്ഷേപം 1.46 % വർദ്ധിച്ചു 79340 കോടി രൂപയും വായ്പാ നീക്കിയിരിപ്പ് 4.37 % വർദ്ധിച്ച് 52663 കോടി രൂപയുമായി. വായ്പാ നിക്ഷേപ അനുപാതം 66.38 % ആയതായി ജില്ലാ ലീഡ് ബാങ്ക് മാനേജർ അനിൽകുമാർ കെ കെ അറിയിച്ചു. കേരള സർക്കാർ പ്രഖ്യാപിച്ച 215 പ്രളയബാധിത വില്ലേജുകളിലെ കർഷകർക്കുളള മോററ്റോറിയത്തെ കുറിച്ച് യോഗം ചർച്ച ചെയ്തു. റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജേന്ദ്രപ്രസാദ്, കനറാ ബാങ്ക് റീജിയണൽ ഹെഡ് ജി പ്രശാന്ത്, റിസേർവ് ബാങ്ക് എൽഡിഒ സെലീനാമ്മ ജോസഫ്, , നബാർഡ് എജിഎം ദീപ എസ് പിള്ള, മറ്റു വകുപ്പുതല ഉദ്യോഗസ്ഥർ, ജില്ലാതല ബാങ്ക് ഉദ്യോഗസ്ഥർ, സാമ്പത്തിക സാക്ഷരതാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments